കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് നീതിന്യായ വ്യവസ്ഥയുടെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹത്തിന് സ്വാഭാവിക നീതി ലഭിച്ചില്ലെന്നും സി.പി.ഐ.എം നേതാക്കള്‍. കെ.പി.സി.സി നിര്‍വാഹക സമിതിയംഗം സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി വന്നത് കേസിലെ രാഷ്ട്രീയം ഒന്നുകൂടി വ്യക്തമാക്കുന്നതായും സി.പി.ഐ.എം നേതാക്കളായ എം.വി. ജയരാജനും പി.കെ. ശ്രീമതിയും വ്യക്തമാക്കി. കണ്ണൂരില്‍ നടന്ന മാധ്യമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍.

Ads By Google

കണ്ണൂര്‍ ജില്ലയില്‍ നിരോധനാജ്ഞയുടെ മറവില്‍ പോലീസ് അക്രമം അഴിച്ചുവിടുകയായിരുന്നെന്നും പോലീസ് മര്‍ദനത്തില്‍ അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അതില്‍ നൂറ്റിഇരുപതുപേര്‍ക്ക് സാരമായ പരിക്കുകകളുണ്ടെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ഗുരുതരമായി പരിക്കേറ്റ പിണറായി സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂര്‍ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ എം. ചന്ദ്രനെ ഇരുപതോളം പോലീസുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ തല പൊട്ടിയ അദ്ദേഹം ആശുപത്രിയില്‍ ഇപ്പോള്‍ ഐ.സി.യുവിലാണ്. വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയടക്കം പോലീസ് മര്‍ദിച്ചിരുന്നെന്നും ജയരാജന്‍ പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാ നിയമം 41 (എ) പ്രകാരം ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ ഒരാളെ അറസ്റ്റ് ചെയ്യാന്‍ പാടില്ല. 11 മണിവരെ കുറ്റമൊന്നും പോലീസിന് കണ്ടെത്താനായിട്ടില്ല. അതിനു ശേഷം മാത്രമാണ് ജയരാജനെ അറസ്റ്റ് ചെയ്തത്. വികലാംഗനും കമ്മ്യൂണിസ്റ്റുകാരനും ജില്ലാ സെക്രട്ടറിയുമായ ജയരാജന് സ്വാഭാവികമായി കിട്ടേണ്ട യാതൊരു പരിഗണനയും ലഭിച്ചില്ലെന്നും സി.പി.ഐ.എം നേതാക്കള്‍ കുറ്റപ്പെടുത്തി.

അഡ്വ. സി.കെ ശ്രീധരനാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. ഇദ്ദേഹം കെ.പി.സി.സി നിര്‍വാഹക സമിതി അംഗവും കോണ്‍ഗ്രസ് നേതാവുമാണ്. ഇത്തരത്തിലുള്ള ഒരാളെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത് കേസിന്റെ രാഷ്ട്രീയം കൂടുതല്‍ വ്യക്തമാക്കുന്നുണ്ടെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

പയ്യന്നൂരില്‍ കസ്റ്റഡിയിലെടുക്കാനെന്ന പേരില്‍ പോലീസുകാര്‍ അര്‍ദ്ധരാത്രി വീടുകളില്‍ കയറുകയും അവിടെയുള്ള വാഴകളൊക്കെ നശിപ്പിക്കുകയും കിണറില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുകയും ചെയ്തിട്ടുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകരോട് പി.കെ ശ്രീമതി പറഞ്ഞു.

‘ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ഓഫീസ് വീടുപോലെയാണ്. കണ്ണൂരിലെ താഴെച്ചൊവ്വയില്‍ പാര്‍ട്ടി ഓഫീസിനു പുറത്ത് അഴിച്ചുവെച്ച മുപ്പതോളം ചെരുപ്പുകള്‍ പോലീസുകാര്‍ അടുത്തുള്ള തോട്ടില്‍ എറിയുകയും ചെയ്തു. കണ്ണൂര്‍ എസ്.പി. പോലീസുകാരെ ചെരുപ്പുകുത്തികളാക്കുകയാണോ?’ എന്നും എം.വി. ജയരാജന്‍ ചോദിച്ചു. മാധ്യമ സമ്മേളനത്തില്‍ തളിപ്പറമ്പ് എം.എല്‍.എ ജെയിംസ് മാത്യുവും പങ്കെടുത്തിരുന്നു.