എഡിറ്റര്‍
എഡിറ്റര്‍
തെലങ്കാന യാഥാര്‍ത്ഥ്യമായി: ബില്ലില്‍ രാഷ്ടപ്രതി ഒപ്പുവെച്ചു
എഡിറ്റര്‍
Sunday 2nd March 2014 12:03am

telangana

ന്യൂദല്‍ഹി: തെലങ്കാന സംസ്ഥാന രൂപീകരണ ബില്ലില്‍ രാഷ്ടപതി പ്രണബ് മുഖര്‍ജി ഒപ്പു വച്ചു. ആന്ധ്രാപ്രദേശില്‍ നിലവില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനത്തിലും രാഷ്ട്രപതി ഒപ്പുവച്ചിട്ടുണ്ട്.

രാഷ്ട്രപതിയുടെ ഒപ്പോടുകൂടെ രാജ്യത്തെ 29 ാം സംസ്ഥാനമായി തെലങ്കാന രൂപീകൃതമായി. ഹൈദരാബാദ് നഗരം ഉള്‍പ്പെടെ 10 ജില്ലകളാണ് പുതിയ തെലുങ്കാന സംസ്ഥാനത്തിലുണ്ടാവുക.

തെലങ്കാന സംസ്ഥാനത്ത് 3,51,94000 ആണ് ജനസംഖ്യ. 119 അംഗ നിയമസഭയാകും സംസ്ഥാനത്തുണ്ടാകുക. നേരത്തേ പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്‍ പാസാക്കിയിരുന്നു.

അഞ്ച് വര്‍ഷത്തേക്ക് സീമാന്ധ്ര പ്രതേക പദവിയുള്ള സംസ്ഥാനമായിരിക്കും. ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്.

പത്ത് വര്‍ഷത്തേക്ക് ഹൈദരാബാദ് ആയിരിക്കും സീമാന്ധ്രയുടേയും തെലങ്കാനയുടേയും തലസ്ഥാനം. സീമാന്ധ്രക്ക് പ്രതേക തലസ്ഥാനം നല്‍കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി 45 ദിവസത്തിനകം ഉണ്ടാക്കാനും രാജ്യസഭയില്‍ ധാരണയായി. ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ രണ്ട് സംസ്ഥാനങ്ങളുടേയും ഗവര്‍ണറായിരിക്കും.

ഹൈദരാബാദ് ഹൈക്കോടതി രണ്ട് സംസ്ഥാനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കും. സീമാന്ധ്രയില്‍ 25 ലോക്‌സഭാ സീറ്റും തെലങ്കാനയില്‍ 17 സീറ്റുമാണ് സര്‍ക്കാര്‍ അനുവദിച്ചത്. സീമാന്ധ്രയില്‍ 175 നിയമസഭാ മണ്ഡലങ്ങളും തെലങ്കാനയില്‍ 17 മണ്ഡലങ്ങളുമാണ് ഉള്ളത്.

ആന്ധ്രാ വിഭജനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം 19ന് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജിവച്ചതിനെ തുടര്‍ന്ന് സംസ്ഥാന ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്ത് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ നല്‍കുകയായിരുന്നു. ഈ ശിപാര്‍ശയിലാണ് രാഷ്ട്രപതി ഒപ്പുവച്ചത്.

Advertisement