ന്യൂദല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ടുപേര്‍ സമര്‍പ്പിച്ച ദയാഹരജികള്‍ രാഷ്ട്രപതി തള്ളി. പഞ്ചാബില്‍ നിന്നുള്ള ദേവീന്ദര്‍ പാല്‍സിംഗ് ബുള്ളര്‍, അസാമില്‍ നിന്നുള്ള മഹേന്ദര്‍ നാഥ് ദാസ് എന്നിവരുടെ ഹരജികളാണ് രാഷ്ട്രപതി തള്ളിയത്.

ദയാഹരജികള്‍ തള്ളിയതോടെ ഇരുവരുടേയും വധശിക്ഷ നടപ്പാക്കുന്നതിനുള്ള സാഹചര്യമൊരുങ്ങി. രണ്ടുപേരുടേയും ഹരജികള്‍ തള്ളിയ വാര്‍ത്ത രാഷ്ട്രപതിഭവന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തേ നിരവധി ദയാഹരജികള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി ലഭിച്ചിരുന്നു. 2004ന് ശേഷം ഇതാദ്യമായണ് ഏതെങ്കിലുമൊരു ദയാഹരജി രാഷ്ട്രപതി നിരാകരിക്കുന്നത്.

1991 ലും 93ലും പഞ്ചാബില്‍ നടത്തിയ ഭീകരാക്രമണങ്ങളുടെ പേരിലാണ് വിചാരണകോടതി 2001ല്‍ ബുള്ളറിന് വധശിക്ഷ വിധിച്ചത്. ശിക്ഷ വൈകുന്നതില്‍ നേരത്തേ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

നേരത്തേ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ശിക്ഷ നടപ്പാക്കാത്തതില്‍ ബി.ജെ.പി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പാര്‍ലമെന്റ് ആക്രമണകേസില്‍ പ്രതിയായ അഫ്‌സല്‍ ഗുരുവിന്റെ ദയാഹരജി തള്ളണമെന്നും ഗുരുവിന്റെ വധശിക്ഷ നടപ്പാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.

ഭരണഘടനയുടെ ഏഴുപത്തിരണ്ടാം വകുപ്പ് പ്രകാരം രാഷ്ട്രപതിക്ക് വധശിക്ഷ റദ്ദാക്കാനോ ലഘൂകരിക്കാനോ അധികാരമുണ്ട്.