എഡിറ്റര്‍
എഡിറ്റര്‍
രാഷ്ട്രപതിയുടെ വിദേശയാത്ര വീണ്ടും വിവാദത്തില്‍: യാത്രാസംഘത്തില്‍ രണ്ട് പേരക്കുട്ടികളും
എഡിറ്റര്‍
Thursday 3rd May 2012 11:50am

ന്യൂദല്‍ഹി: വിദേശയാത്രയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ പണം ചിലവഴിച്ച രാഷ്ട്രപതിയെന്ന റെക്കോര്‍ഡ് ചുരുങ്ങിയ കാലം കൊണ്ട് സ്വന്തമാക്കിയയാളാണ് പ്രതിഭാ പാട്ടീല്‍. 2007ല്‍ ചുമതലയേറ്റ ശേഷം 22 രാഷ്ട്രങ്ങളിലായി 12 വിദേശയാത്ര നടത്തിയ പ്രതിഭാ പാട്ടീല്‍ 205 കോടി രൂപ ഇതിനായി ചിലവിട്ടത് വിവാദമാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ രാഷ്ട്രപതിയുടെ വിദേശയാത്ര വീണ്ടും വിവാദകോളങ്ങളില്‍ ഇടംനേടിയിരിക്കുന്നു.

രാഷ്ട്രപതിയുടെ ഔദ്യാഗിക വിദേശയാത്രാ സംഘത്തില്‍ രണ്ടു പേരക്കുട്ടികള്‍ ഇടംപിടിച്ചതാണ് പുതിയ വിവാദത്തിനിടയാക്കിയിരിക്കുന്നത്. ഒന്‍പതു ദിവസത്തെ സീഷെല്‍സ്, ദക്ഷിണാഫ്രിക്ക പര്യടനത്തിലാണ് രാഷ്ട്രപതി പേരക്കുട്ടികളെ ഒപ്പം കൂട്ടിയത്.

എന്നാല്‍ വിദേശയാത്രകളില്‍ പേരക്കുട്ടികളെ ഒപ്പം കൂട്ടുന്നതില്‍ അസ്വാഭാവികതയില്ലെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ‘വിദേശയാത്ര ചെയ്യുന്ന വിശിഷ്ടവ്യക്തികള്‍ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടുന്നത് സ്വാഭാവികമായ നയതന്ത്ര നടപടികളാണ്. ഇങ്ങനെ പോകുന്ന കുടുംബാംഗങ്ങളുടെ ആതിഥ്യം വഹിക്കുന്നത് ആതിഥേയ രാഷട്രമാണെന്നും മന്ത്രാലയ വക്താവ് പറഞ്ഞു.

കുടുംബസമേതം ഔദ്യോഗിക യാത്ര നടത്തിയാതാണ് പ്രതിഭാപാട്ടീരലിന്റെ വിദേശയാത്രാചിലവ്  മുന്‍ഗാമികളെ അപേക്ഷിച്ച് കൂടാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെട്ടത്. പ്രതിഭാ പാട്ടീലിന്റെ മുന്‍ഗാമികളായ അബ്ദുല്‍ കലാം ഏഴും കെ.ആര്‍. നാരായണന്‍ ആറും വിദേശയാത്രകളാണ് നടത്തിയത്. ജൂലൈയില്‍ സ്ഥാനമൊഴിയുന്ന പ്രതിഭ പാട്ടീലിന്റെ അവസാനത്തെ ഔദ്യാഗിക യാത്രയാണിത്.

വിദേശയാത്രയുടെ ചെലവ് ന്യായീകരിച്ച രാഷ്ട്രപതി, യാത്രകള്‍ സ്വന്തം നിലക്ക് തീരുമാനിച്ചതല്ലെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ താല്‍പര്യപ്രകാരമാണെന്നുമാണ് വിശദീകരിച്ചത്.

സ്ഥാനമൊഴിയുന്ന രാഷ്ട്രപതിക്ക് സമ്മാനമായി സ്വന്തം നാട്ടില്‍ കേന്ദ്ര സര്‍വകലാശാല അനുവദിക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. മഹാരാഷ്ട്രയിലെ അമരാവതിയില്‍ കേന്ദ്ര സര്‍വകലാശാല അനുവദിക്കാന്‍ മാനവവിഭവശേഷി വകുപ്പ് തീരുമാനിച്ചതായി വകുപ്പ് മന്ത്രി കപില്‍ സിബല്‍ വെളിപ്പെടുത്തി.

Malayalam News

Kerala News in English

Advertisement