ന്യൂദല്‍ഹി: രാജ്യത്തിന്റെ പുരോഗതിയെ അഴിമതി തടയിടുന്നതായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.

Ads By Google

അഴിമതിയുടെ പേരില്‍ ജനാധിപത്യസ്ഥാപനങ്ങളെ ഇടിച്ചുതാഴ്ത്തുന്നത് അപകടമാണ്. ജനങ്ങളുടെയും രാജ്യത്തിന്റെയും ആത്മാവായ പാര്‍ലമെന്റിനെ അവമതിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു.

അധികാരം സേച്ഛാധിപത്യമാകുമ്പോള്‍ ജനാധിപത്യം തളരും. പ്രതിഷേധം പകര്‍ച്ചവ്യാധിയാകുമ്പോള്‍ സമൂഹം കുഴപ്പങ്ങളിലേക്കുനീങ്ങും. പങ്കുവെക്കുന്ന പ്രക്രിയയാണ് ജനാധിപത്യം. അതില്‍ നമ്മളെല്ലാം ഒന്നിച്ച് വിജയിക്കുകയും പരാജയപ്പെടുകയും ചെയ്യും.

ജനാധിപത്യസ്ഥാപനങ്ങള്‍ ഭരണഘടനയുടെ തൂണുകളാണ്. അവയ്ക്ക് വിള്ളല്‍ വന്നാല്‍ ഭരണഘടനയെന്ന സങ്കല്പത്തിന് നിലനില്‍പ്പില്ല. നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങള്‍ക്ക് കാലപ്പഴക്കം വന്നിട്ടുണ്ടാകാം. എന്നാല്‍, അവയെ തകര്‍ക്കലല്ല, ശക്തിപ്പെടുത്തുകയാണ് വേണ്ടത്.

വ്യത്യസ്തമായ കാഴ്ചപ്പാടുകളോട് സഹിഷ്ണുത പുലര്‍ത്തുകയും അന്തസ്സുള്ള സ്വഭാവം പ്രകടിപ്പിക്കുകയുമെന്നത് ജനാധിപത്യത്തിന്റെ അഭിവാജ്യഘടകമാണ്. ആസാമിലെ കലാപം എന്നെ വേദനിപ്പിച്ചു. നമ്മുടെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ആശ്വാസവും അക്രമത്തില്‍ നിന്നുള്ള സംരക്ഷണവും ആവശ്യമാണ്. ആസാമിന്റെ മുറിവുണക്കാന്‍ ശക്തമായ ശ്രമം വേണം.

നിയമം നിര്‍മിക്കാനുള്ള അവകാശം നിയമനിര്‍മാണ സഭകളില്‍ നിന്നും നീതിന്യായത്തിനുള്ള അവകാശം ജുഡീഷ്യറിയില്‍ നിന്നും എടുത്തുമാറ്റരുതെന്ന് നാം തിരിച്ചറിയണം . പട്ടിണി, ദാരിദ്ര്യം, രോഗങ്ങള്‍ എന്നിവയില്‍ നിന്ന് മുക്തമാകാന്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വാതന്ത്ര്യസമരം ആവശ്യമാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.