എഡിറ്റര്‍
എഡിറ്റര്‍
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുമെന്നത് ചിലരുടെ ഭാവന മാത്രം: വാര്‍ത്ത അടിസ്ഥാന രഹിതമെന്നും ഇ. ശ്രീധരന്‍
എഡിറ്റര്‍
Friday 16th June 2017 11:13am

കൊച്ചി: വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ താന്‍ മത്സരാര്‍ത്ഥിയാകും എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. താന്‍ രാഷ്ട്രപതിയാകും എന്ന വാര്‍ത്തകള്‍ ചിലരുടെ ഭാവനമാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു.

കൊച്ചി മെട്രോയുടെ പേട്ടവരെയുള്ള നിര്‍മാണത്തില്‍ താന്‍ ഉണ്ടാകുമെന്നും എന്നാല്‍ പേട്ടയില്‍ നിന്ന് മെട്രോ നീട്ടുന്നുണ്ടെങ്കില്‍ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ തന്റെ സേവനം ഉണ്ടാകില്ലെന്നും ശ്രീധരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമമാണ് ഇ ശ്രീധരന്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകും എന്ന തരത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മെട്രോയുടെ ഉദ്ഘാടന വേദിയില്‍ നിന്ന് ശ്രീധരനെ പ്രധാനമന്ത്രി നേരിട്ട് ഒഴിവാക്കുകയായിരുന്നെന്നും വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഉദ്ദേശിക്കുന്നതിനാലാണ് ഇങ്ങനെ ചെയ്തതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. വേദിയില്‍ പ്രധാനമന്ത്രിക്കൊപ്പം ഇരിപ്പിടമില്ലാതിരുന്നിട്ടും കാര്യമായ പ്രതികരണം ഇ. ശ്രീധരന്‍ നടത്താതിരുന്നത് ഇതുകൊണ്ടാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞുവെച്ചിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്ന് ഇ. ശ്രീധരന്‍ പ്രതികരിച്ചു.


Dont Miss കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരന്റെ സ്വര്‍ണമാല മോഷ്ടിച്ച കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍ 


കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ ഇ.ശ്രീധരന് സ്ഥാനം നല്‍കാതിരുന്നത് കേരളത്തില്‍ വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വേദിയില്‍ ഇരിക്കേണ്ടവരുടെ പട്ടികയില്‍ പ്രഥമസ്ഥാനത്തുതന്നെ ശ്രീധരനുണ്ടായിരുന്നെങ്കിലും, സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ ഓഫിസ് അദ്ദേഹത്തിന്റെ പേരുള്‍പ്പെടെ വെട്ടുകയായിരുന്നു.

പ്രതിഷേധം ശക്തമായതോടെ ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും സ്ഥലം എംഎല്‍എ പി.ടി. തോമസിനെയും വേദിയില്‍ ഇരിക്കേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. തുടര്‍ന്ന് ശ്രീധരനെയും പ്രതിപക്ഷനേതാവിനെയും ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അനുമതി നല്‍കുകയായിരുന്നു.


Dont Miss ‘ഞമ്മന്റെ മോ..ദീ..,’ കര്‍ഷകരുടെ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന മോദി: പ്രതിഷേധ വീഡിയോ കാണാം


കൊച്ചി മെട്രോയുടെ നിര്‍മാണം ഡി.എം.ആര്‍.സി ഏറ്റെടുത്തത് കൊണ്ട് മാത്രമാണ് വിവാദങ്ങള്‍ ഉണ്ടാകാഞ്ഞതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തില്‍ സാമ്പത്തിക വിജയം ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനമാണ് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കുന്നത്. ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് ആദ്യഘട്ടം. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള രണ്ടാം ഘട്ടത്തിന്റെ നിര്‍മാണം ഓഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് ഇ ശ്രീധരന്‍ പറഞ്ഞിരിക്കുന്നത്.

Advertisement