എഡിറ്റര്‍
എഡിറ്റര്‍
‘എന്റെ ഭര്‍ത്താവിന്റെ ജീവന്‍ അപകടത്തിലാണ്’ മേലധികാരികളുടെ ക്രൂരപീഡനങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും സൈനികന്റെ ഭാര്യയുടെ കത്ത്
എഡിറ്റര്‍
Tuesday 25th July 2017 9:56am


ന്യൂദല്‍ഹി: മേലുദ്യോഗസ്ഥരുടെ ക്രൂരപീഡനങ്ങള്‍ തുറന്നുകാട്ടി പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും നേവി സ്‌പെഷ്യല്‍ ഫോഴ്‌സ് കമാന്‍ഡോയുടെ ഭാര്യയുടെ കത്ത്. മേലുദ്യോഗസ്ഥര്‍ തന്റെ ഭര്‍ത്താവിനെ മാനസികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപകടത്തിലാണെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി കത്തു നല്‍കിയത്.

മറൈന്‍ കമാന്‍ഡോ ആയ അനൂപ് ടി.എസിന്റെ ഭാര്യയാണ് കത്ത് അയച്ചിരിക്കുന്നത്. കൊച്ചിയിലെ ഡൈവിങ് സ്‌കൂളിലേക്കാണ് അനൂപിനെ പോസ്റ്റു ചെയ്തിരിക്കുന്നത്.

‘എന്റെ ഭര്‍ത്താവിനെ യൂണിറ്റിലെ ചീഫ് ഇന്‍സ്ട്രക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് മാര്‍ച്ച് 18ന് അശ്ലീലഭാഷയില്‍ അധിക്ഷേപിക്കുകയും പീഡിപ്പിക്കുകയും ചീത്തവിളിക്കുകയും ചെയ്തു.’ യുവതി പരാതിയില്‍ പറയുന്നു.


Must Read: യുവനടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചു: സംവിധായന്‍ ജീന്‍ പോള്‍ ലാലിനും ശ്രീനാഥ് ഭാസിക്കുമെതിരെ കേസ്


ഈ ഉദ്യോഗസ്ഥന്‍ പൊതുമധ്യത്തില്‍ അപമാനിച്ചതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 21ന് തന്റെ ഭര്‍ത്താവ് ആ യൂണിറ്റ് ഓഫീസ് ഇന്‍ ചാര്‍ജ് ക്യാപ്റ്റന്‍ മനീഷ് റാവുവിന് പരാതി നല്‍കിയെന്നും യുവതി ചൂണ്ടിക്കാട്ടുന്നു.

‘ പരാതി ഫയല്‍ ചെയ്ത് രണ്ടുമാസത്തിനുശേഷവും എന്റെ ഭര്‍ത്താവിന് അനുകൂലമായി അദ്ദേഹം ഒരു നടപടിയും ആരംഭിച്ചിട്ടില്ലെന്നുമാത്രമല്ല കുറ്റക്കാരനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കാനെന്ന പേരില്‍ എന്റെ ഭര്‍ത്താവിന് ഒരു വ്യാജ കൗണ്‍സിലിങ് നടത്തി പരാതി അവസാനിപ്പിക്കുകയാണ് ചെയ്തത്.’ യുവതി ആരോപിക്കുന്നു.

മേലുദ്യോഗസ്ഥരുടെ നടപടി തന്റെ ഭര്‍ത്താവിനെ മാനസികമായി ആകെ തളര്‍ത്തിയെന്നും അത് അദ്ദേഹത്തിന്റെ നിത്യജീവിതത്തെ തന്നെ പ്രതികൂലമായി ബാധിച്ചെന്നും യുവതി ചൂണ്ടിക്കാട്ടുന്നു.

ഈ സംഭവത്തിനുശേഷം കമാന്‍ര്‍ റാങ്കിലുള്ള ഓഫീസര്‍ തന്റെ ഭര്‍ത്താവിനെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുകയാണെന്നും യുവതി പറയുന്നു. ഓഫീസ് കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ വിലക്കിയിരിക്കുകയാണ്. സ്ഥിരമായി ഔട്ട്‌ഡോര്‍ ഡ്യൂട്ടി നല്‍കി പീഡിപ്പിക്കുകയാണെന്നും യുവതി ചൂണ്ടിക്കാട്ടുന്നു.

കൂടാതെ തന്റെ ഭര്‍ത്താവിനെക്കൊണ്ട് നിര്‍ബന്ധിച്ച് ലീവ് എടുപ്പിക്കുകയാണെന്നും യുവതി പറയുന്നു.

‘എന്റെ ഭര്‍ത്താവിന്റെ ജീവന്‍ അപകടത്തിലാണ്… യൂണിറ്റിലെ പരാതി പരിഹാര സെല്‍ തന്റെ ഭര്‍ത്താവിന്റെ പരാതിയിന്മേല്‍ നടപടിയെടുക്കുകയോ അത് ഫോര്‍വേര്‍ഡ് ചെയ്യുകയോ ചെയ്യുന്നില്ല.’ കത്തില്‍ പറയുന്നു.

Advertisement