ഒട്ടാവ: ആഴ്‌സനലിന്റെ പ്രീമിയര്‍ ലീഗ് സ്വപ്‌നങ്ങള്‍ ബോള്‍ട്ടണ്‍ തകര്‍ത്തു. 89 ാം മിനുറ്റില്‍ നേടിയ ഗോളിന്റെ കരുത്തില്‍ ഒന്നിനെതിരേ രണ്ടുഗോളിനാണ് ബോള്‍ട്ടണ്‍ വാണ്ടരേര്‍സ് ആഴ്‌സനലിനെ തകര്‍ത്തത്.

തുടര്‍ച്ചയായ പതിനാറ് വിജയങ്ങളെന്ന റെക്കോര്‍ഡുമായാണ് ആഴ്‌സനല്‍ ബോള്‍ട്ടണെതിരേ കളിക്കാന്‍ ഇറങ്ങിയത്. എന്നാല്‍ കളിയുടെ മുപ്പത്തിയെട്ടാം മിനുട്ടില്‍ ഡാനിയല്‍ സ്റ്റെറിഡ്ജ് റീബൗണ്ട് ചെയ്തുവന്ന പന്ത് വലയിലാക്കുകയായിരുന്നു. തുടര്‍ന്ന് സമനിലഗോളിനായി ആഴ്‌സനല്‍ കിണഞ്ഞു ശ്രമിച്ചു. മൂന്ന് മിനുറ്റിനുശേഷം ആഴ്‌സനല്‍ ഫാബ്രിഗാസിലൂടെ സമനില ഗോള്‍ നേടി.

എന്നാല്‍ കളിതീരാന്‍ ഒരുമിനുറ്റ് മാത്രം ബാക്കിനില്‍ക്കേ ബോള്‍ട്ടന്റെ ഇസ്രായേല്‍ താരം തമിര്‍ കൊഹേന്‍ വിജയഗോള്‍ നേടുകയായിരുന്നു. 73 പോയിന്റുള്ള യുണൈറ്റഡാണ് ഒന്നാംസ്ഥാനത്ത്. 67 പോയിന്റോടെ ചെല്‍സിയാണ് രണ്ടാംസ്ഥാനത്തുള്ളത്.