എഡിറ്റര്‍
എഡിറ്റര്‍
ആശുപത്രിയിലൊന്ന് പ്രസവിക്കാന്‍ നദി നീന്തി കടന്ന ഇന്ത്യന്‍ യുവതി
എഡിറ്റര്‍
Wednesday 6th August 2014 1:29pm

yellavaaയാദ്ഗിര്‍(കര്‍ണാടക): ചികിത്സിക്കാന്‍ ഡോക്ടര്‍ാമാരോ ആശുപത്രികളോ ഇല്ലാത്ത ഗ്രാമത്തില്‍ നിന്ന് തന്റെ കുഞ്ഞിന് സുരക്ഷിതമായി ജന്മം നല്‍കാന്‍ 14 അടിയില്‍ നിറഞ്ഞ് കവിഞ്ഞൊഴുകുന്ന നദി നീന്തി കടക്കേണ്ടി വന്ന ഇരുപത്തിരണ്ടുകാരി. തെക്കന്‍ കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയിലെ നീലകന്ത്രയനഗഡ്ഡെ എന്ന ചെറുദ്വീപിലെ യെല്ലാവ എന്ന യുവതിയാണ് സുരക്ഷിതമായി പ്രസവിക്കാന്‍ കൃഷ്ണ നദി നീന്തിക്കടന്നത്.

കനത്ത മഴയെ അവഗണിച്ച് കര്‍ണാടകയിലെ വലിയ നദികളിലൊന്നായ കൃഷ്ണ നദിയില്‍ ഒരു കിലോമീറ്ററോളമാണ് യെല്ലാവ നീന്തിയത്. ദ്വീപില്‍ നിന്ന് പുറത്ത് കടക്കാന്‍ ആകെ ഒരു ചങ്ങാടമാണ് ദ്വീപുകാര്‍ക്ക് ആശ്രയം. കാലവര്‍ഷം കനത്തതോടെ നദിയിലെ ജലത്തിന്റെ അളവ് 14 അടിയായി ഉയര്‍ന്നിരുന്നു. ഇതോടെ ചങ്ങാടം പുഴയിലിറക്കാന്‍ കഴിയാതെയായി. ആശുപത്രിയിലേക്ക് എത്താന്‍ മറ്റു മാര്‍ഗങ്ങളൊന്നും ഇല്ലാത്തതിനാല്‍ യെല്ലാവ പുഴ നീന്തിക്കടക്കാന്‍ തീരുമാനിക്കുകയായിരുന്നു.

നദി നീന്തി കടക്കുമ്പോള്‍ താന്‍ ഭയന്നിരുന്നുവെന്നും എന്നാല്‍ കുഞ്ഞിനെ ഒര്‍ത്തപ്പോള്‍ നീന്താതിരിക്കുന്നതെങ്ങനെയെന്നും യെല്ലാവ ചോദിക്കുന്നു. നീന്തലിനു ശേഷം താന്‍ വളരെ ക്ഷീണിതായിരുന്നുവെന്നും യെല്ലാവ പറഞ്ഞു. യെല്ലാവയോടൊപ്പം സഹയത്തിനായി അച്ഛനും സഹോദരനും അടുത്ത ബന്ധുക്കളും കൂടെ നീന്തി.

ഒരു കിലോമീറ്ററിനു താഴെയാണ് ദൂരമെങ്കിലും വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് കാരണം പുഴ കടക്കാന്‍ ഒരു മണിക്കൂര്‍ വേണ്ടിവന്നുവെന്ന് യെല്ലാവയുടെ സഹോദരന്‍ ലക്ഷമണ്‍ പറഞ്ഞു. പുഴയുടെ നടുവില്‍ എത്തിയപ്പോള്‍ ഒഴുക്ക് കടുത്തതായെന്നും ലക്ഷമണ്‍ പറയുന്നു.

കെക്കേറ ഗ്രാമത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു യെല്ലാവ ചികിത്സ തേടിയത്. യെല്ലാവ പൂര്‍ണ സുഖത്തില്‍ ബന്ധുവീട്ടില്‍ വിശ്രമത്തിലാണെന്ന് യെല്ലാവയെ ശുശ്രൂഷിക്കുന്ന ഡോക്ടര്‍ വീണ അറിയിച്ചു.

ദ്വീപില്‍ അടിസ്ഥാന സൗകര്യങ്ങള്‍പോലും ഇല്ലാത്തതാണ് ഇത്തരമൊരു സാഹസം ചെയ്യാന്‍ യെല്ലാവയെ പ്രേരിപ്പിച്ചത്. മറ്റു ഗ്രാമവാസികളെപ്പോലെ വീട്ടില്‍ നിന്ന് പ്രസവിക്കാന്‍ തയ്യാറാകാതിരുന്ന യെല്ലാവയുടെ ആത്മധൈര്യത്തെ ഗ്രമാവാസികളെയും ആശുപത്രി ജീവനക്കാരെയും വിസ്മയിപ്പിച്ചിരിക്കുകയാണ്.

ഏഴ് വര്‍ഷമായി ഞാന്‍ ഇവിടെ ജോലി ചെയ്യുന്നു. ധാരാളം പേര്‍ പുഴ നീന്തി കടന്ന് ഇവിടെ ചികിത്സക്ക് വന്നട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഒരു പൂര്‍ണ ഗര്‍ഭിണി പുഴ നീന്തി കടന്ന് ഇവിടെയെത്തുന്നത്. യെല്ലാവയുടെ സാഹസത്തെക്കുറിച്ച് ഡോക്ടര്‍ പറയുന്നു.

Advertisement