ന്യൂദല്‍ഹി: കേരള സര്‍ക്കാര്‍ തന്നെ അവഗണിച്ചതായി അര്‍ജ്ജുന അവാര്‍ഡ് നേടിയ മലയാളി കായികതാരം പ്രീജ ശ്രീധരന്‍. തന്റെ നേട്ടമറിഞ്ഞിട്ട് സര്‍ക്കാര്‍ പ്രതിനിധികളാരും ഫോണിലൂടെ പോലും അഭിനന്ദിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലും എം.പിമാരായ എം.ബി. രാജേഷും പി.ടി. തോമസും മാത്രമാണ് വിളിച്ചത്. സംസ്ഥാന കായിക വകുപ്പിന്റെ ചുമതലയുളള മന്ത്രിയോ മറ്റ് ഉന്നത ഉദ്യോഗസ്ഥരോ സര്‍ക്കാര്‍ പ്രതിനിധികളോ ആരും വിളിക്കാന്‍ പോലും തയാറായില്ലെന്നും ഇതില്‍ ദു:ഖമുണ്ടെന്നും പ്രീജ ശ്രീധരന്‍ പറഞ്ഞു.

പുരസ്‌കാരം ലഭിച്ച കായിക താരങ്ങളിലെ ഏക മലയാളിയാണ് ദീര്‍ഘദൂര ഓട്ടക്കാരിയായ പ്രീജ. 10,000 മീറ്റര്‍, 5,000 മീറ്റര്‍ എന്നീ ഇനങ്ങളില്‍ ദേശീയ റെക്കാഡിനുടമയായ പ്രീജ കഴിഞ്ഞവര്‍ഷം ചൈനയിലെ ഗ്വാങ്ഷുവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 10,000 മീറ്ററില്‍ സ്വര്‍ണവും 5000 മീറ്ററില്‍ വെള്ളിയും നേടിയിരുന്നു.