കൊല്‍ക്കത്ത: ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേത്രിയായ മലയാളി അത്‌ലറ്റ് പ്രീജ ശ്രീധരന് അമ്പത്തിയൊന്നാമത് ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ വനിതകളുടെ പതിനായിരം മീറ്റര്‍ ഓട്ടമത്സരത്തില്‍ സ്വര്‍ണം . റെയില്‍വേ താരമായ പ്രീജ 35.56.09 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് സ്വര്‍ണം കരസ്ഥമാക്കിയത്.

എന്നാല്‍, ഏഷ്യന്‍ ഗെയിംസില്‍ കുറിച്ച സമയമായ 31.50.47 സെക്കന്‍ഡ് മറികടക്കാന്‍ പ്രീജക്കായില്ല. മഴയെതുടര്‍ന്ന് മത്സരം നടക്കുന്ന യുബ ഭാരതി ക്രീരാരംഗന്‍ മൈതാനത്തെ ട്രാക്ക് വെള്ളത്തില്‍ മുങ്ങിയതാണ് മികച്ച പ്രകടനത്തിന് വിലങ്ങ് തടിയായത്. 35 മിനിറ്റ് 56.13 സെക്കന്‍ഡില്‍ ഓടിയെത്തിയ ഒഎന്‍ജിസിയുടെ കവിത റാവത്ത് വെള്ളി സ്വന്തമാക്കിയപ്പോള്‍ മൂന്നാം സ്ഥാനം റെയില്‍വേയുടെ തന്നെ എല്‍. സൂര്യക്കാണ്. സമയം- 36 മിനിറ്റ് 09.00 സെക്കന്‍ഡ്.

ദക്ഷിണ കൊറിയയില്‍ ഈയിടെ സമാപിച്ച ലോക അത്‌ലറ്റിക് മീറ്റിലേക്ക് യോഗ്യത നേടിയിട്ടും അസുഖം മൂലം പ്രീജക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. പുരുഷന്മാരുടെ പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ ഒ. എന്‍.ജി.സിയുടെ സുരേഷ്‌കുമാര്‍ സ്വര്‍ണം നേടി. സമയം-30:18.16 സെക്കന്‍ഡ്. കേതന്‍ റാംമിനാണ് വെള്ളി(30:24).റെയില്‍വേയുടെ സോജി മാത്യുവിനാണ് (30:43:39)വെങ്കലം.

ദേശീയ റെക്കോര്‍ഡിനുടമയായ വികാസ് ഗൗഡയുടെ അഭാവത്തില്‍ പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ വിപേന്ദര്‍സിങ് സ്വര്‍ണം നേടി. 50.52 മീറ്റര്‍ പിന്നിട്ടാണ് വിപേന്ദര്‍ സ്വര്‍ണം സ്വന്തമാക്കിയത്. ധരംരാജ് (50.31 മീ) വെള്ളിയും സുനില്‍ കുമാര്‍(49.27)വെങ്കലവും നേടി.