വാമനപുരാണം അനുസരിച്ച് മഹാബലിയുടെ സദ്ഭരണത്തില്‍ സംപ്രീതനായ മഹാവിഷ്ണു വിശ്വരൂപം കൈക്കൊണ്ട് അദ്ദേഹത്തെ സുതലമെന്ന പാതാള രാജ്യത്ത് കുടുംബസമേതം താമസിക്കുവാന്‍ അനുഗ്രഹിക്കുകയായിരുന്നു


തിരുവനന്തപുരം: മഹാബലിയെ വികൃതമായി ചിത്രീകരിക്കുന്നതിനെ എതിര്‍ത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.

അതീവ തേജസ്വിയായാണ് പുരാണങ്ങളില്‍ മഹാബലിയെക്കുറിച്ച് പറയുന്നത്. കുടവയറും കൊമ്പന്‍മീശയുമായി വികൃതമായി മഹാബലിയെ ചിത്രീകരിക്കുന്നതിനോട് യോജിപ്പില്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

വാമനവതാരവും മഹാബലിയുടെ പ്രസക്തിയും എന്ന വിഷയത്തില്‍ തിരുവോണ ദിവസം ശബരിമല സന്നിധാനത്ത് നടക്കുന്ന സംവാദത്തിലെ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ മഹാബലിയുടെ യഥാര്‍ത്ഥ ചിത്രത്തിന് രൂപം നല്‍കുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.


Dont Miss മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, ബി.ജെ.പിയുടേതല്ല: ഹരിയാന ഹൈക്കോടതി


വാമനനെയും മഹാബലിയെയും ഒരുപോലെ സ്വീകരിക്കുന്ന ചിന്താധാരയാണ് ദേവസ്വം ബോര്‍ഡിന്റേത്. തിരുവോണ ദിവസം വാമനജയന്തി ആഘോഷം നടത്തുന്നതിനെ പിന്തുണക്കുന്നതായും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

വിഷ്ണുവിന്റെ മനുഷ്യരൂപ അവതാരമായ വാമനനെക്കുറിച്ച് സത്യവിരുദ്ധമായ കഥകളാണ് പ്രചരിക്കുന്നത്. വാമനപുരാണം അനുസരിച്ച് മഹാബലിയുടെ സദ്ഭരണത്തില്‍ സംപ്രീതനായ മഹാവിഷ്ണു വിശ്വരൂപം കൈക്കൊണ്ട് അദ്ദേഹത്തെ സുതലമെന്ന പാതാള രാജ്യത്ത് കുടുംബസമേതം താമസിക്കുവാന്‍ അനുഗ്രഹിക്കുകയായിരുന്നു. അതിനാല്‍തന്നെ തിരുവോണനാള്‍ വാമനജയന്തിയായി ആഘോഷിക്കുന്നതില്‍ തെറ്റില്ലന്നും പ്രയാര്‍ പറഞ്ഞു.

ആര്‍.എസ്.എസ് നടത്തുന്ന വാമനജയന്തി ആഘോഷങ്ങളെ പിന്തുണക്കുന്നതാണോ ദേവസ്വം ബോര്‍ഡിന്റെ നിലപാടെന്ന ചോദ്യത്തിന് ഇരുകൂട്ടരുടെയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണെന്നായിരുന്നു പ്രയാറിന്റെ മറുപടി.