തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഹിന്ദുമതപഠനവും സംസ്‌കൃത പഠനവും നിര്‍ബന്ധിതമാക്കാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.

കുട്ടികളില്‍ ആദ്ധ്യാത്മിക അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും ഈശ്വര വിശ്വാസം ഉറപ്പാക്കുന്നതിനും വേദ ഉപനിഷത്തുകള്‍ ഗൃഹസ്ഥമാക്കാനും വേണ്ടിയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മതപാഠശാലകള്‍ നിര്‍ബന്ധമാക്കുന്നതെന്നും പ്രയാര്‍ പറഞ്ഞു.

മതപാഠശാലയില്‍ പോകുന്നവര്‍ക്കോ പോകുന്നവരുടെ കുടുംബാംഗങ്ങള്‍ക്കോ മാത്രമേ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രഭരണസമിതിയില്‍ അംഗമാകാന്‍ കഴിയൂ എന്ന നിബന്ധന കൊണ്ടുവരും

എല്ലാ ഹിന്ദുക്കളും ഹൈന്ദവ ആചാരങ്ങള്‍ പാലിച്ച് ജീവിക്കുന്നതിന് വേണ്ടിയാണ് മതപാഠശാലകള്‍ ശക്തിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാം മത വിശ്വാസികള്‍ക്ക് മക്ക പോലെയും ക്രൈസ്തവര്‍ക്ക് വത്തിക്കാന്‍ പോലെയും ശബരിമലയെ ഹിന്ദുക്കളുടെ ദേശീയ ആരാധനാ കേന്ദ്രമാക്കി മാറ്റുമെന്നും പ്രയാര്‍ പറഞ്ഞു.

പ്രഖ്യാപനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കുമെന്നും പ്രയാര്‍ പറയുന്നു. ദേവസ്വംബോര്‍ഡിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചട്ടമ്പിസ്വാമി, ശ്രീനാരായണ ഗുരു,അയ്യങ്കാളി എന്നിവരുടെ ദര്‍ശനങ്ങളുടെ പഠനവും ചര്‍ച്ചയും സംഘടിപ്പിക്കും.

സിലബസിന് പുറത്ത് എക്‌സട്രാ ക്ലാസ് എന്ന നിലയിലാകും ഇത് പഠിപ്പിക്കുക. ഇതിന് സര്‍വകലാശാലയുടെ അനുവാദം ആവശ്യമില്ലെന്നും പ്രയാര്‍ പറയുന്നു.