Administrator
Administrator
മലെഗാവ് സ്‌ഫോടനം: പ്രവീണ്‍ മുത്തലിക്കിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
Administrator
Thursday 21st April 2011 7:48pm

praveen muthalik charge sheeted മുംബൈ: 2008ല്‍ മലേഗാവില്‍ രണ്ടാമത് നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് എ അഭിനവ് ഭാരത് പ്രവര്‍ത്തകന്‍ പ്രവീണ്‍ മുത്തലികിനെതിരെ എ.ടി.എസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)ക്കു കൈമാറാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കെയാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് കുറ്റപത്രം സമര്‍പ്പിച്ചത്. ആറുപേര്‍ മരിക്കാനിടയായ സ്‌ഫോടനം ആസൂത്രണം ചെയ്തത് മുത്തലിക് ആണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയല്‍ നിയമം(മോക്ക), നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം എന്നിവയനുസരിച്ചാണ് മുത്തലിക്കിനുമേല്‍ കുറ്റം ചുമത്തിയത്. ഒളിവിലായിരുന്ന മുത്തലികിനെ ജനുവരിയില്‍ കര്‍ണാടകയിലെ ബെല്‍ഗാം ജില്ലയില്‍വച്ചാണ് എ.ടി.എസ് അറസ്റ്റ് ചെയ്തത്.

കേസില്‍ കുറ്റാരോപിതനായ ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതിന്റെ അടുത്ത സഹായിയായിരുന്നു മുത്തലിക്കെന്നും 305 പേജ് വരുന്ന കുറ്റപത്രം പറയുന്നു. പുരോഹിതിന്റെ നിര്‍ദ്ദേശാനുസരണം മുത്തലിക്കാണ് ബോംബുണ്ടാക്കിയതെന്ന് കുറ്റപത്രത്തിലുണ്ട്. 40 സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. പുരോഹിത് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് എ.ടി.എസ് 12 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. തംജി കലംഗസാര, സന്ദീപ് ഡാങ്കെ എന്നീ പ്രതികള്‍ ഒളിവിലാണ്.

Advertisement