തിരുവനന്തപുരം:പ്രവാസികള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ കൂടുതല്‍ വിപുലമായി നടപ്പാക്കുമെന്ന് നോര്‍ക്ക വകുപ്പ് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.  ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് നടപ്പാക്കിയ പ്രവാസികള്‍ക്കുള്ള അപകടമരണ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.

ഈ പദ്ധതി പ്രകാരമുള്ള  ആനുകൂല്യം 2011 നവംബര്‍ മുതല്‍ രണ്ട് ലക്ഷമാക്കിവര്‍ദ്ധിപ്പിച്ചതായി മന്ത്രി അറിയിച്ചു.  300 രൂപ നല്‍കി പദ്ധതിയില്‍ ചേരുന്ന പ്രവാസികളില്‍ മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കും മുഴുവന്‍ അംഗവൈകല്യം സംഭവിക്കുന്നവര്‍ക്കും രണ്ട് ലക്ഷം രൂപയും ഭാഗീകമായ അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും.  ഇതുവരെ 17 പേര്‍ക്ക് ഈ ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കിക്കഴിഞ്ഞു.  പുതുതായി ഏഴ് പേര്‍ക്ക്കൂടി ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കുന്നതിന് തയ്യാറായിക്കഴിഞ്ഞതായി മന്ത്രി അറിയിച്ചു.

ഒരുലക്ഷത്തിനാല്പതിനായിരം പേര്‍ ഇപ്പോള്‍ പദ്ധതി അംഗങ്ങളാണ്.  മറ്റ് സംസ്ഥാനങ്ങളില്‍ ജോലിയുള്ള പ്രവാസി മലയാളികള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ ഈ പദ്ധതിയുടെ ആനുകൂല്യം നല്‍കുന്നതിന് നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ചടങ്ങില്‍ തിരുവനന്തപുരം, കൊല്ലം സ്വദേശികളായ മഹേന്ദ്രന്‍, ആന്റണി ലാലന്‍, ജോണ്‍ ഫെര്‍ണാണ്ടസ് മിഖായേല്‍ എന്നിവര്‍ക്ക് ഒരു ലക്ഷം രൂപയുടെ ഡി.ഡി. വീതം മന്ത്രി വിതരണം ചെയ്തു.