കോഴിക്കോട്: പ്രവാസികള്‍ക്ക് വോട്ടുചേര്‍ക്കാന്‍ അപേക്ഷയൊടൊപ്പം പാസ്‌പോര്‍ട്ടിന്റെ കോപ്പിമതിയെന്ന കാര്യത്തില്‍ അന്തിമ സ്ഥിരീകരണമായി. പാസ്‌പോര്‍ട്ട് പകര്‍പ്പ് എംബസികളും കോണ്‍സുലേറ്റുകളും സാക്ഷ്യപ്പെടുത്തണമെന്ന നിബന്ധനയാണ് ആദ്യം മുന്നോട്ടുവച്ചത്. എന്നാല്‍ മണിക്കൂറുകള്‍ കാത്തുനിന്നിട്ടും എംബസികളിലും കോണ്‍സുലേറ്റുകളിലും പാസ്‌പോര്‍ട്ട് പകര്‍പ്പ് സാക്ഷ്യപ്പെടുത്താനാവാതെ നൂറുകണക്കിന് ആളുകള്‍ക്ക് മടങ്ങേണ്ടി വന്നിരുന്നു. ഇതേ തുടര്‍ന്നാണ് പാസ്‌പോര്‍ട്ടിന്റെ കോപ്പി മതി എന്ന തീരുമാനത്തിലെത്തിച്ചേര്‍ന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങളുടെയും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഫോം 6എ പൂരിപ്പിച്ചയക്കണം. പാസ്‌പോര്‍ട്ടിലെ വിലാസം ഉള്‍പ്പെടുന്ന മണ്ഡലങ്ങളിലെ ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കാണ് അപേക്ഷ അയക്കേണ്ടത്.

തീരുമാനം വൈകിയതിനാല്‍ ഇനി മുതല്‍ അപേക്ഷ സ്പീഡ് പോസ്റ്റിലോ കൊറിയറിലോ അയച്ചാല്‍ മാത്രമേ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതിക്കുമുന്‍പ് എത്തുകയുള്ളൂ എന്ന പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്.