എഡിറ്റര്‍
എഡിറ്റര്‍
മോദി ഭരണകാലത്തു സ്വാതന്ത്ര്യസമര ചരിത്രത്തെ മായ്ച്ച് കളയാന്‍ ശ്രമിക്കുന്നു: നജിം കൊച്ചുകലുങ്ക്
എഡിറ്റര്‍
Thursday 17th August 2017 5:05pm

റിയാദ്: മോദി ഭരണകാലത്തു സ്വാതന്ത്ര്യസമര ചരിത്രത്തെ മായ്ച് കളയാന്‍ ശ്രമിക്കുന്നതായി പ്രമുഖ മാധ്യമ പ്രവര്‍ത്തകനും റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രെസിഡന്റുമായ നജിം കൊച്ചുകലുങ്ക് അഭിപ്രായപ്പെട്ടു.

റിയാദില്‍ പ്രവാസി റിഹാബിലേഷന്‍ സെന്റര്‍ (പി. ആര്‍. സി ) സംഘടിപ്പിച്ച സ്വതന്ത്ര ദിനാഘോഷ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യ എന്ന ദേശരാഷ്ട്രം രൂപപെട്ടതിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും മഹത്തായ ചരിത്രങ്ങളെ മായ്ച്ചു കളയാന്‍ നടത്തുന്നതാണ് മോദികാലത്ത് ഇന്ത്യയില്‍ അരങ്ങേറുന്ന ഏറ്റവും വലിയ ഭീകരതയെന്നു അദ്ദേഹം പറഞ്ഞു.

ലോകത്തെ വിവിധ ജനസമൂഹങ്ങളില്‍ സ്വാതന്ത്രാഭിവാഞ്ജ വളര്‍ത്താന്‍ പ്രചോദനമായി മാറിയത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരമാണ്. അതിലൊരു പങ്കും വഹിക്കാത്തവര്‍ പില്‍ക്കാലത്തു സ്വാതന്ത്ര്യ സമര ചരിത്രം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ഓക്‌സിജന്‍ നല്‍കാതെ കുട്ടികളെ കൊല്ലുന്നതിനേക്കാളും ബീഫിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലകളെക്കാളും വലിയ ഭീകരതയെന്നും നജിം പറഞ്ഞു.

റിയാദിലെ ബത്ഹ ഹാഫ്മൂന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടിയില്‍ വൈസ് പ്രസിഡന്റ് ബഷീര്‍ വാടാനപ്പള്ളി പതാക ഉയര്‍ത്തി.സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ജിസ, ജെയ്മി, ജസ്നിന, ജുവാന എന്നിവര്‍ ദേശ ഭക്തി ഗാനങ്ങള്‍ ആലപിച്ചു.

പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജലാല്‍ മൈനാഗ പള്ളി സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു.ബഷീര്‍ വാടാനപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഷംനാദ് കരുനാഗപ്പളി, ജോണ്‍ കോശി, സജി കായംകുളം, സൈദ് കരിപ്പൂര്‍, സലാം കരുനാഗപ്പള്ളി, മജീദ് മൈത്രി എന്നിവര്‍ സംസാരിച്ചു. സാദിഖ്, റഷീദ് കുഴിക്കോളില്‍, മന്‍സൂര്‍, രാഗേഷ് എന്നിവര്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന് നേതൃത്വം കൊടുത്തു. ജനറല്‍ സെക്രട്ടറി ജെറോം മാത്യു സ്വാഗതവും സാബു കല്ലേലിഭാഗം നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍,ഡൂള്‍ ന്യൂസ് റിയാദ് ബ്യുറോ

Advertisement