എഡിറ്റര്‍
എഡിറ്റര്‍
‘തിരിച്ചുപോക്കിന്റെ ആശങ്കയില്‍ പ്രവാസി കുടുംബങ്ങള്‍” പി എം എഫ് ചര്‍ച്ച ശ്രദ്ധേയമായി
എഡിറ്റര്‍
Sunday 16th July 2017 3:37pm

റിയാദ്: പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധിയെ ആസ്പദമാക്കി പ്രവാസിമലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റി ”തിരിച്ചുപോക്കിന്റെ വക്കില്‍ പ്രവാസികുടുംബങ്ങള്‍” എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു.

മലാസിലെ പിഎം എഫ് പ്രവര്‍ത്തകന്റെ ഭവനത്തില്‍ സംഘടിപ്പിച്ച ഈ കുടുംബചര്‍ച്ച വിത്യസ്തത കൊണ്ട് ശ്രദ്ധേയമായി. സോണി കുട്ടനാടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സെക്രട്ടറി ഷംനാദ് കരുനാഗപള്ളി ഉത്ഘാടനം ചെയ്തു.

ജി സി സി കോര്‍ഡിനെറ്റര്‍ റാഫി പാങ്ങോട് ആമുഖപ്രഭാഷണം നടത്തി പ്രവാസികളുടെ വിഷയം ഏറ്റെടുത്ത് പി എം എഫ് ‘പ്രവാസി റൂട്‌സ് ലിമിറ്റഡ് കമ്പനി ‘ രൂപികരിച്ച് ചെറികിട സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചുവെന്നും പ്രവാസി കുടുംബങ്ങള്‍ക്കായി ”പ്രവാസികുടുംബശ്രീ” ആരംഭിക്കുകയും ആദ്യയുണിറ്റ് കൊട്ടാരക്കരയില്‍ പ്രവര്‍ത്തനം ആരഭിച്ചുവെന്നും കൂടുതല്‍ സംഭരഭങ്ങള്‍ ഉടനെ തുടങ്ങുമെന്നു ചൂണ്ടികാണിച്ചു.

ഗള്‍ഫ് പ്രവാസം അരനൂറ്റാണ്ട് പിന്നിടുന്ന അവസരത്തില്‍ ഒരു ‘റിവേഴ്സ് മൈഗ്രേഷ’നെ (മടക്ക പ്രവാസം) കുറിച്ചുള്ള ചിന്തകള്‍ക്ക് ആക്കം കൂട്ടേണ്ട പ്രതിസന്ധിയാണിപ്പോള്‍ സംജാതമായിരിക്കുന്നത്. എണ്ണ വിലയിടിവിന്റെ ഫലമായി ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ഒരു തിരിച്ചു പോക്കിന്റെ ആശങ്കയിലാണ് ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസി സമൂഹം.

ഏറ്റവും ഒടുവില്‍ ആശ്രിതലെവി നടപ്പായതോടുകൂടി ചെറിയ വരുമാനത്തില്‍ കഴിയുന്ന പ്രവാസി കുടുംബങ്ങള്‍ തിരിച്ചുപോകേണ്ടി വരുന്ന അവസ്ഥയിലാണ്. നിരവധി കുടുംബങ്ങള്‍ നാട്ടിലേക്ക് ഫൈനല്‍ എക്‌സിറ്റ് പോയികഴിഞ്ഞു ഒരു തിരിച്ചുപോക്കിന്റെ വക്കില്‍ നില്‍ക്കുന്ന പ്രവാസികളുടെ പുനരധിവാസം സാധ്യമാക്കുന്നതിനുള്ള പദ്ധതികളും പരിപാടികളും ഉയര്‍ത്തിക്കൊണ്ടു വരാന്‍ പ്രവാസി സമൂഹവും ഭരണകൂടങ്ങളും മുന്നോട്ടു വരണമെന്നും പ്രവാസികളുടെ പുനരധിവാസം അടിയന്തര പ്രാധാന്യമുള്ള വിഷയമായി കണ്ട് വിവിധങ്ങളായ പദ്ധതികള്‍ക്ക് രൂപം കൊടുക്കാന്‍ അധികാരികള്‍ തയാറാകണമെന്നും വിഷയം അവതരിപ്പിച്ചുകൊണ്ടും ചര്‍ച്ച നിയന്ത്രിച്ചുകൊണ്ടും മാധ്യമപ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ചൂണ്ടികാണിച്ചു.

ഗള്‍ഫിലെ തൊഴില്‍ മേഖലകളില്‍ വിദേശികള്‍ക്കുള്ള വാതായനങ്ങള്‍ ഒന്നൊന്നായി അടച്ച് പൂട്ടികൊണ്ടിരിക്കുന്ന അവസ്ഥകള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ തിരിച്ചറിഞ്ഞ് മടക്കയാത്രക്കൊരുങ്ങി നില്‍ക്കാനേ പ്രവാസികള്‍ക്ക് കഴിയൂ.

ഇങ്ങനെ നാടണയേണ്ടിവരുന്ന തൊഴില്‍ രഹിതരായ പ്രവാസികള്‍ക്ക് ഫലപ്രദമായ തൊഴില്‍ മാര്‍ഗം കണ്ടെത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ നമ്മുടെ നാട് ഭരിക്കുന്നവര്‍ക്ക് കഴിയേണ്ടതുണ്ട്. ഗള്‍ഫ് മേഖലകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നമ്മുടെ സാമൂഹ്യഘടനയില്‍ ഉണ്ടാക്കിയേക്കാവുന്ന ശക്തമായ പ്രതിഫലനങ്ങള്‍ ഗൗരവപൂര്‍വം പഠനം നടത്തി പരിഹാരം കാണേണ്ടുന്ന ഒരു വിഷയമാണ്.

ഒരിക്കലും മടക്കം പ്രതീക്ഷിക്കാത്ത പിറന്ന നാടാണ് ഓരോ പ്രവാസിയേയും കാത്തിരിക്കുന്നത് എന്ന സത്യവും നാം വിസ്മരിക്കരുത്.എന്നുള്ള സന്ദേശം ഉള്‍കൊണ്ടാണ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഓരോ സ്വരത്തില്‍ അഭിപ്രായപെട്ടത്.

ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് റിഫ പ്രസിഡണ്ട് ജിമ്മി പോള്‍സണ്‍, ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രസിഡണ്ട് അയൂബ് കരൂപടന്നമ പി എം എഫ് നാഷണല്‍ ട്രഷര്‍ ബോബി ജോസഫ്, മാതൃഭുമി ടി വി പ്രതിനിധി നിഖില സമീര്‍, റിപ്പോര്‍ട്ടര്‍ ടി വി ഹനീഫ, നാഷണല്‍ വളണ്ടിയര്‍ കണ്‍വീനര്‍ ഷെരീഖ് തൈകണ്ടി, സലിം വാലില്ലപുഴ പി എം എഫ് റിയാദ് വനിതാ കോര്‍ഡിനെറ്റര്‍ ആനി സാമുവല്‍, ബിജി ബെന്നി, അനീന ബാബു,ബെന്നി, ഷിബി.കെ ദേവസ്യ,മരീന ജിമ്മി ജോസഫ്, അഭി ജോയ്, സിജോ ,സാമുവല്‍ തുടങ്ങി നിരവധിപേര്‍ സംസാരിച്ചു മുജീബ് കായംകുളം അബ്ദുല്‍ കാദര്‍,ജോര്‍ജ് കുട്ടി മാക്കുളം, അനൂപ്,ജോണ്‍സന്‍, അനു ജോയ്, ജിന്‍സി ബേബി, റാഷിദ ഷിബു, ഷിജിമോള്‍ സെബാസ്റ്റ്യന്‍, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.

ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍ സ്വാഗതവും ഷാജഹാന്‍ ചാവക്കാട് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്:റിയാദ് ബ്യുറോ

Advertisement