എഡിറ്റര്‍
എഡിറ്റര്‍
പ്രതിഭാ പാട്ടീല്‍ വിദേശയാത്രക്ക് ചെലവഴിച്ചത് 205 കോടി രൂപ
എഡിറ്റര്‍
Monday 26th March 2012 6:00am

ന്യൂദല്‍ഹി: കാലവാധി തീരാന്‍ നാലു മാസം മാത്രം ശേഷിക്കെ, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ വിദേശ യാത്രയ്ക്കായി ചെലവഴിച്ചത് 205 കോടി രൂപ. 2007 ജൂലൈയില്‍ ചുമതലയേറ്റശേഷം നാലു ഭൂഖണ്ഡങ്ങളിലെ 22 രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായി 12 യാത്രകളാണ് രാഷ്ട്രപതി നടത്തിയത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകളിലാണ് രാഷ്ട്രപതിയുടെ യാത്രച്ചെലവ് വെളിപ്പെട്ടത്.

ആകെ 79 ദിവസമെടുത്ത യാത്രകള്‍ക്കായി ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനങ്ങളാണ്. ബോയിങ് 747-400 വിമാനം ചാര്‍ട്ടര്‍ ചെയ്ത് ഉപയോഗിച്ചതിലൂടെ എയര്‍ ഇന്ത്യക്ക് ചെലവായത് 169 കോടി രൂപയാണ്. പ്രതിരോധ മന്ത്രാലയം നല്‍കേണ്ട ഈ തുകയില്‍ 153 കോടി രൂപ മാത്രമെ ഇതുവരെ അടച്ചു തീര്‍ത്തിട്ടുള്ളൂ. താമസം, ദൈനംദിന ചെലവുകള്‍, റോഡ് വഴിയുള്ള യാത്രകള്‍ എന്നിവയ്ക്കായി വിദേശകാര്യ മന്ത്രാലയത്തിന് ചെലവായത് 36 കോടി രൂപയാണ്.

വിദേശയാത്രയുടെ കാര്യത്തില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ മുന്‍ഗാമികളെയെല്ലാം ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ്. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം 12 യാത്രകള്‍ നടത്തിയെങ്കിലും 17 രാജ്യങ്ങളിലാണ് സഞ്ചരിച്ചത്. കെ.ആര്‍. നാരായണന്‍ ആറ് യാത്രകളിലായി 10 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്.

Malayalam News

Kerala News in English

 

Advertisement