Categories

കഴിഞ്ഞ 30 വര്‍ഷത്തിനിടെയുള്ള ഏറ്റവും ദയാലുവായ പ്രസിഡന്റ്‌ പ്രതിഭാപാട്ടീലെന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: കഴിഞ്ഞ 30 വര്‍ഷത്തിനിടെ അധികാരത്തില്‍ വന്ന പ്രസിഡന്റുമാരില്‍ ഏറ്റവും ദയാലുവായ പ്രസിഡന്റ്  പ്രതിഭാപാട്ടീലാണെന്ന് രാഷ്ട്രപതി ഭവന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഭാപാട്ടീല്‍ പ്രസിഡന്റ് ആയിരിക്കേ 23 തടവുകാരുടെ വധശിക്ഷയാണ് ഇവര്‍ പരിഗണിച്ചത്.

1981 മുതലുള്ള കണക്കു നോക്കുകയാണെങ്കില്‍ വധശിക്ഷയ്ക്ക് വിധിച്ച കുറ്റവാളികളില്‍ 90 ശതമാനത്തിന് മുകളിലുള്ളവര്‍ക്കും ശിക്ഷാ ഇളവ് നല്‍കിയിട്ടുണ്ട്. പ്രതിഭ തള്ളിക്കളഞ്ഞ ദയാഹര്‍ജിയില്‍ പ്രധാനപ്പെട്ട മൂന്നെണ്ണം രാജീവ്ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച മൂന്ന് പേരേയും ആസ്സാം ഗുവാഹത്തി ട്രക്ക് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഹരകാന്ത് ദാസിനെ വധിച്ച കേസിലെ പ്രതികളായ ദവീന്ദര്‍ പാല്‍ സിംഗ്, മഹേന്ദ്രനാഥ് ദാസ് തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജികളുമാണ്‌.
ഒമ്പതുവയസായ ബാലനെ ബലിയെന്ന പേരില്‍ കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സുശീല്‍ മുര്‍മുവിനെയാണ് ദയാഹര്‍ജി പരിഗണിച്ച് ഏറ്റവും ഒടുവില്‍ പ്രതിഭാ പാട്ടീല്‍ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിക്കൊടുത്തത്. ഫെബ്രുവരി ഒമ്പതിനാണ് സുശീല്‍ മുര്‍മുവിന്റെ ഹര്‍ജി പരിഗണിച്ച് ശിക്ഷ ജീവപര്യന്തമാക്കിയത്.

ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിതയുമാണ് പ്രതിഭ. യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ്, ഇടത് മുന്നണി എന്നിവരുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായിരുന്ന ഇവര്‍ 2007 ജൂലൈ 25നാണ് രാഷ്ട്രപതിയായി സ്ഥാനമേറ്റത്. ഒരു അഭിഭാഷകയായ പ്രതിഭ രാഷ്ട്രപതി സ്ഥാനത്തെത്തുന്നതിനു മുന്‍പ് രാജസ്ഥാന്‍ രാജസ്ഥാനിലെ 16ാമത് ഗവര്‍ണര്‍ ആയിരുന്നു. രാജസ്ഥാനിലെ ആദ്യ വനിതാ ഗവര്‍ണ്ണറും ആണ് പ്രതിഭ. 1986 മുതല്‍ 1988 വരെ രാജ്യസഭാ ഉപാദ്ധ്യക്ഷയുമായിരുന്നു.

1962 മുതല്‍ 1985 വരെ പ്രതിഭാ പാട്ടില്‍ മഹാരാഷ്ട്ര നിയമസഭാംഗം ആയിരുന്നു. ജല്‍ഗാവോണ്‍ ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ നിന്നായിരുന്നു പ്രതിഭ മഹാരാഷ്ട്ര നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1991 മുതല്‍ 1996 വരെ അമ്രാവതി ജില്ലയെ പ്രതിനിധാനം ചെയ്ത് പ്രതിഭ ലോകസഭാംഗമായി.

രാഷ്ട്രീയ ആരോപണങ്ങള്‍ നേരിടാത്ത ആളാണെന്ന  നിലയിലാണ് പ്രതിഭാ പാട്ടിലിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് യു.പി.എഇടതു സഖ്യം നിര്‍ദ്ദേശിച്ചതെങ്കിലും അതിനു ശേഷം ഏതാനം വിവാദങ്ങളിലും ആരോപണങ്ങളിലും പ്രതിഭാ പാട്ടീലിന്റെ പേര് പരാമര്‍ശിക്കപ്പെടുകയുണ്ടായി.

മഹാരാഷ്ട്രയില്‍ ഒരു യോഗത്തില്‍ വച്ച് മുഗളര്‍ ഇന്ത്യന്‍ വനിതകളില്‍ അടിച്ചേല്‍പ്പിച്ച ബുര്‍ഖ വസ്ത്രധാരണ രീതി ഉപേക്ഷിക്കേണ്ട സമയം ആയി എന്നു അവര്‍ പ്രസംഗിച്ചതാണ് ആദ്യം വിവാദത്തിനു കാരണമായത്. പിന്നീട് ഹിമാലയത്തില്‍ വച്ച് മരിച്ചു പോയ ഒരു ബാബയുടെ ആത്മാവിനോടു സംസാരിച്ചു എന്നു പറഞ്ഞത് വിമര്‍ശന വിധേയമായിയിരുന്നു.

Malayalam News

Kerala News In English

One Response to “കഴിഞ്ഞ 30 വര്‍ഷത്തിനിടെയുള്ള ഏറ്റവും ദയാലുവായ പ്രസിഡന്റ്‌ പ്രതിഭാപാട്ടീലെന്ന് റിപ്പോര്‍ട്ട്”

  1. ശുംഭന്‍

    നിഷ്ടൂരന്മാരായ കൊലയാളികളെ സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കേണ്ടതിനു പകരം ജനങ്ങളുടെ ഇടയിലേക്ക് തുറന്നു വിടുന്നതിനെ “ദയ” എന്നാണോ പറയേണ്ടത്? നിസ്സഹായരായ ജനങ്ങളോട് ചെയ്യുന്ന ക്രൂരതയല്ലേ അത്?

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.