Administrator
Administrator
ന്യൂനപക്ഷങ്ങള്‍ക്ക് ഉപസംവരണം ഏര്‍പ്പെടുത്തും, കള്ളപ്പണം തടയും; രാഷ്ട്രപതി
Administrator
Monday 12th March 2012 1:42pm

ന്യൂദല്‍ഹി: ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഒ.ബി.സി സംവരണത്തിനുള്ളില്‍ ഉപസംവരണം അനുവദിക്കുമെന്ന് ബജറ്റിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍. അഴിമതി തടയുന്നതിനുള്ള സമഗ്ര നിയമം രൂപീകരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കള്ളപ്പണത്തിനെതിരെ കര്‍ശന നടപടിയെടുക്കും-രാഷ്ട്രപതി വ്യക്തമാക്കി. ഉപസംവരണം അനുവദിക്കുന്നതിനെതിരെ പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗത്തിനിടെ ബഹളംവച്ചു.

രാജ്യം സാമ്പത്തിക പ്രതിസന്ധി മറികടന്നുവെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ വ്യക്തമാക്കി. രാജ്യം സാമ്പത്തിക പ്രതിനസന്ധി മറികടന്നു. 8-9 ശതമാനം വളര്‍ച്ചാ പാതയിലേക്ക് ഉടന്‍ എത്തിച്ചേരും. ഉന്നത വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കാന്‍ നടപടി സ്വീകരിക്കും. പിന്നാക്ക സമുദായക്കാര്‍ക്ക് മുന്‍ഗണന നല്‍കും. ആരോഗ്യമേഖലയുടെ വളര്‍ച്ചയ്ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും രാഷ്ട്രപതി പറഞ്ഞു.

രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കും. രാജ്യത്ത് 1500 ഐടിഐകള്‍ കൂടി സ്ഥാപിക്കും. എട്ടു കോടി ആളുകള്‍ക്ക് സാങ്കേതിക മേഖലയില്‍ പരിശീലനം നല്‍കും. വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കാനാണ് തന്റെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അധ്യാപകരുടെ നിലവാരം മെച്ചപ്പെടുത്താന്‍ ദേശീയ മിഷന്‍ പദ്ധതി ആരംഭിക്കും. ഉന്നത വിദ്യാഭ്യാസത്തിന് വായ്പ ഉറപ്പാക്കാന്‍ അതോറിറ്റി രൂപീകരിക്കും.

ലോകമെമ്പാടും സാമ്പത്തിക അസ്ഥിരവാവസ്ഥ നേരിടുകയാണ്. സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോയത്. എന്നാല്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച നമ്മുടെ നില മെച്ചമാണ്. വൈകാതെ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഒമ്പത് ശതമാനത്തിലേക്ക് തിരിച്ചെത്തും. അഴിമതി രഹിത ഭരണം സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ഇതിനായി ലോക്പാല്‍ ബില്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞൂ. കള്ളപ്പണത്തിന്റെ ഒഴുക്ക് ഇല്ലാതാക്കാനുള്ള നടിപടി ശക്തിപ്പെടുത്തും. ഏതാനും ചില സുപ്രധാന ബില്ലുകളും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. അംഗവൈകല്യമുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വികലാംഗ ക്ഷേമവകുപ്പ് രൂപീകരിക്കും. കൈക്കൂലിയും അഴിമതിയും തടയുന്നതിനുള്ള നടപടി സ്വീകരിക്കും.

ബാലവേല നിരോധനം ഫലപ്രദമാക്കുന്നതിന് നിയമത്തില്‍ ഭേദഗതി വരുത്തും. വഴിയോര കച്ചവടക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ശുചീകരണ തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കുന്നതിനും സര്‍ക്കാരിന് പദ്ധതിയുണ്ട്. ഗ്രാമങ്ങളില്‍ നടപ്പാക്കിയിരിക്കുന്ന എന്‍.ആര്‍.എച്ച്.എം പദ്ധതി നഗരങ്ങളിലും നടപ്പാക്കും.

പാകിസ്ഥാനുമയുള്ള എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് രാഷ്ട്രപതി വ്യക്തമാക്കി. പാക് മണ്ണില്‍ വളരുന്ന തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകണം. ഇരുരാജ്യങ്ങളും തമ്മില്‍ സുദൃഢമായ ബന്ധം സ്ഥാപിക്കാനും തുടരാനുമാണ് ശ്രമിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.

അഞ്ച് സുപ്രധാന വെല്ലുവിളികളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്നത്. ആഭ്യന്തര, വിദേശ സുരക്ഷയ്ക്കു പുറമേ ദാരിദ്ര്യം, വിശപ്പ്, നിരക്ഷരത എന്നിവയ്‌ക്കെതിരെയും പോരാട്ടം തുടരേണ്ടതുണ്ട്. വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം തൃപ്തിപ്പെടുത്താന്‍ രാജ്യത്തിന് കഴിയേണ്ടതുണ്ടെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റിന്റെ ഈ സമ്മേളനത്തില്‍ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയ്ക്കുവരും. അംഗങ്ങളുടെ സജീവ സഹകരണം ഉണ്ടാവണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.

Advertisement