തിരുവനന്തപുരം: മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രതിഭാ പാട്ടില്‍ ഇന്നു കേരളത്തിലെത്തും. ഉച്ചക്ക് 12 മണിക്ക് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുന്ന രാഷ്ട്രപതി 1.30നു കോട്ടയത്ത് എത്തും.

നെടുമ്പാശേരിയില്‍ നിന്ന് ഉച്ചക്ക് 1.30ന് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ എത്തിച്ചേരുന്ന രാഷ്ട്രപതി മൂന്നു ദിവസം കുമരകം ടാജ് ഹോട്ടലിലാണ് തങ്ങുക. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനസമ്മേളനത്തില്‍ പങ്കെടുക്കാനായി വൈകിട്ട് 5.10ന് രാഷ്ട്രപതി ഭരണങ്ങാനത്ത് എത്തും.

3നു രാവിലെ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് യാത്രതിരിക്കുന്ന രാഷ്ട്രപതി പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെ പര്‍ണശാലയുടെ ഉദ്ഘാടനചടങ്ങിലും പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ പുരസ്‌ക്കാരദാന ചടങ്ങിലും പങ്കെടുത്ത ശേഷം ഉച്ചക്ക് 1.40ന് കുമരകത്ത് വിശ്രമിക്കും. 14 ന് ഉച്ചയ്ക്ക് 2.30 ന് ആലപ്പുഴയില്‍ നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രപതി മുഖ്യതിഥിയായിരിക്കും. അന്നുവൈകിട്ട് 4.45 ന് നെടുമ്പാശ്ശേരിയില്‍ നിന്ന് ദില്ലിക്ക് തിരിക്കും. സന്ദര്‍ശനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നു പോകുന്ന വഴികളും താമസ സ്ഥലമായ കുമരകത്തെ താജ് ഹോട്ടലും പൊലീസിന്റെയും സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെയും നിരീക്ഷണത്തിലാണ്. ഭരണങ്ങാനം പള്ളിയങ്കണത്തില്‍ പ്രത്യേക പൊലീസ് കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. അതെസമയം രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കോട്ടയം നഗരസഭ, വിജയപുരം , കുമരകം, തിരുവാര്‍പ് ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പാലാ നഗരസഭ, ഭരണങ്ങാനം എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉച്ചതിരിഞ്ഞായിരിക്കും അവധി.