ന്യൂദല്‍ഹി: രാജ്യത്തെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മേഖലയെ ബാധിച്ചിരിക്കുന്ന ക്യാന്‍സറാണ് അഴിമതിയെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍. ഇത് എത്രയും പെട്ടെന്ന് തുടച്ചുനീക്കേണ്ടതാണെന്നും സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി വ്യക്തമാക്കി.

അഴിമതി പ്രശ്‌നം പരിഹരിക്കാന്‍ ഒരു ഒറ്റമൂലി എന്നത് അസാധ്യമാണെന്ന് ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ചുകൊണ്ട് അവര്‍ പറഞ്ഞു. എന്നാല്‍ രാജ്യത്തെ എല്ലാ മേഖലകളിലും സുതാര്യതയും ഉത്തരവാദിത്തബോധവും ഉറപ്പുവരുത്താനുള്ള നടപടികളുണ്ടാവണം.

രാജ്യത്തിന്റെ സാമൂഹ്യ സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളെയെല്ലാം അഴിമതി ബാധിച്ചിട്ടുണ്ട്. സര്‍ക്കാരും, പാര്‍ലമെന്റും, നിയമവ്യവസ്ഥയും, സമൂഹവും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. പ്രായോഗികമായ മാര്‍ഗങ്ങളിലൂടെ ഈ പ്രതിസന്ധിക്കൊരു പരിഹാരം കാണാന്‍ ഇവര്‍ ശ്രമിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആഗോളതലത്തില്‍ തന്നെ വന്‍ ഭീഷണിയായി തീവ്രവാദം വളര്‍ന്നിരിക്കുകയാണ്. ഈ ഭീഷണിയ്‌ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പൊരുതണം. സാമ്പത്തിക നിലയ്ക്ക് ഭീഷണിയായി വിലക്കയറ്റം മാറുന്ന സാഹചര്യത്തില്‍ പാവപ്പെട്ടവരെ സംരക്ഷിക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിക്കാത്ത തരത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടികളുണ്ടാവണം. 2008ലെ സാമ്പത്തികമാന്ദ്യത്തിന്റെ പ്രതിഫലനം നമുക്ക് ബോധ്യപ്പെട്ടതാണ്. ലോകസാമ്പത്തിക മേഖലയെ അനിശ്ചിതത്വം വീണ്ടും പിടികൂടിയിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാനായി രാജ്യത്ത് മുന്നൊരുക്കങ്ങള്‍ അത്യാവശ്യമാണെന്നും പാട്ടീല്‍ പറഞ്ഞു.