തിരുവനന്തപുരം: ബോട്ടില്‍ കപ്പലിടിച്ച് അഞ്ചു മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ കേസില്‍ എംവി പ്രഭുദയ കപ്പലിന്റെ സെക്കന്‍ഡ് ഓഫീസറും മലയാളിയുമായ പ്രശോഭ് സുഗതനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് കേസിലെ ഒന്നാം പ്രതിയായ പ്രശോഭ് സുഗതനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

രാവിലെ 9.15 ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച പ്രശോഭിനെ പോലീസ് ആലപ്പുഴയിലേക്ക് കൊണ്ടുപോയി. അമ്പലപ്പുഴ സി.ഐ പി.വി ബേബിയുടെ നേതൃത്വത്തിയലുള്ള പോലീസ് സംഘമാണ് പ്രശോഭിനെ ആലപ്പുഴയിലേക്ക് കൊണ്ടുപോയത്. ഇന്ന് ഉച്ചയോടെ ഇയാളെ അന്പലപ്പുഴ കോടതിയില്‍ ഹാജരാക്കും.

അപകടത്തിനുശേഷം കപ്പലില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ പ്രശോഭ് സുഗതന്‍ ശ്രീലങ്കയിലെ ട്രിങ്കോമാലിയില്‍ ചികിത്സയിലായിരുന്നു. കപ്പലിന്റെ ക്യാപ്റ്റനും മറ്റു ചിലരും ചേര്‍ന്ന് പ്രശോഭിനെ വധിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പ്രശോഭിന്റെ കുടുബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ കപ്പലിന്റെ ക്യാപ്റ്റനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

എന്നാല്‍ പോലീസിനു നല്‍കിയ മൊഴിയില്‍ ഇയാള്‍ ഈ ആരോപണം ഉന്നയിച്ചിരുന്നില്ല. അപകടത്തെ തുടര്‍ന്ന് പ്രശോഭ് കടലിലേക്ക് ചാടിയതാണെന്നും വീഴ്ചയില്‍ പരുക്കേറ്റതാണെന്നുമാണ് സൂചന. അപകടം നടന്ന സമയത്ത് കപ്പല്‍ നിയന്ത്രിച്ചിരുന്ന രണ്ടാം പ്രതി മയൂര്‍ വീരേന്ദ്രകുമാര്‍, മൂന്നാംപ്രതി ക്യാപ്റ്റന്‍ പെരേര എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

Malayalam news

Kerala news in English