ഗൗരി ലങ്കേഷിന്റെ കൊലപാതകികള്‍ ആരാണെന്ന് പൊതുസമൂഹത്തിന് അറിയാമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. തെറ്റുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ വെടിയുണ്ട കൊണ്ടാണ് സംഘപരിവാര്‍ നേരിടുന്നതെന്നും ജനാധിപത്യത്തെ അട്ടിമറിക്കാനാണ് മോദിയും കൂട്ടരും ശ്രമിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. എ.ഐ.വൈ.എഫ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊലപാതകത്തിനെതിരെ ശബ്ദമുയര്‍ത്തിയവരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞ് പൊതുസമൂഹത്തിന് മുന്നില്‍ അപമാനിക്കുകയുമാണ് സംഘപരിവാര്‍ ചെയ്യുന്നത്. ഗൗരി ലങ്കേഷിനെ കൊന്നവര്‍ ഇന്നത് നവമാധ്യമങ്ങളിലൂടെ ആഘോഷിക്കുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.


Read more:   വിസ്ഡം ഗ്രൂപ്പുകാര്‍ക്കെതിരെ മിനിറ്റു വച്ച് കേസെടുത്ത പൊലീസ് ശശികലയുടെ കാര്യത്തില്‍ അലംഭാവം കാണിച്ചത് ആര്‍.എസ്.എസ്. പ്രീണനം: വി.ഡി സതീശന്‍ എം.എല്‍.എ


സമസ്ത മേഖലകളിലും ആധിപത്യം ഉറപ്പിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. രാഷ്ട്രപതിയായും ഉപരാഷ്ട്രപതിയായും തീവ്ര ആര്‍.എസ്.എസുകാരെ തിരുകി കയറ്റിയത് ഇതിന് തെളിവാണ്. വിദ്യഭ്യാസ രംഗംപോലും കാവിവത്കരിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ അന്വേഷണ ഏജന്‍സികളെയെല്ലാം തങ്ങളുടെ കാല്‍ക്കീഴിലാക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.