prashanth-bhushan

മുതിര്‍ന്ന ഹൈക്കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയിലെ അദ്ദേഹത്തിന്റെ ചേംബറില്‍ വെച്ച് ക്രൂരമായി ആക്രമിക്കപ്പെട്ടു. രാജ്യത്ത് അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധ സമരത്തില്‍ മുന്‍നിരയിലുണ്ടായ നേതാവാണ് പ്രശാന്ത് ഭൂഷണ്‍. എന്നാല്‍ കാശ്മീരുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കെതിരെയുള്ള പ്രതിഷേധമെന്നോണമാണ് ആക്രമണമുണ്ടായത്.

പ്രശാന്ത് ഭൂഷണെതിരെയുള്ള ആക്രമണത്തെ സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്തുന്നതിനെതിരെയുളള ആക്രമണമായി വേണം കാണാന്‍. കാശ്മീരുമായി ബന്ധപ്പെട്ട പ്രശാന്ത് ഭൂഷന്റെ നിലപാട് അംഗീകരിക്കുകയോ അംഗീകരിക്കാതെയിരിക്കുകയോ ചെയ്യാം. എന്നാല്‍ ഇതെക്കുറിച്ച് ഒന്നും മിണ്ടരുതെന്ന നിലപാട് ഫാഷിസമാണ്. ആക്രമണം നടത്തിയത് ഏത് സംഘടനയായലും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്ന പ്രത്യയശാസ്ത്രമാണ് അവരെ ഭരിക്കുന്നത്.

ജനാധിപത്യമെന്നാല്‍ വിരുദ്ധാഭിപ്രായങ്ങളുടെ സങ്കലനമാണ്. ഇത് തിരിച്ചറിയാത്തവര്‍ ജനാധിപത്യത്തിന്റെ ശത്രുക്കളാണ്. വൈകാരിക ദേശീയുടെ പേരിലായാലും ജനാധിപത്യ വിരുദ്ധതയെ എങ്ങിനെ അംഗീകരിക്കാനാവുമെന്നതാണ് ചോദ്യം. ഡൂള്‍ന്യൂസ് ലഞ്ച് ബ്രേക്ക് ചര്‍ച്ച ചെയ്യുന്നു. പ്രശാന്ത് ഭൂഷണ്‍: അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ തീവ്ര’ദേശീയത’


prashanth-bhushanപ്രശാന്ത് ഭൂഷണ്‍, മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍

പോലീസ് പൈശാചികതയുടെ ഇരകളെ പിന്തുണയ്ക്കുന്നത് രാജ്യദ്രോഹമാണെങ്കില്‍ എന്നെ അങ്ങനെവിളിച്ചാല്‍ എനിക്ക് സന്തോഷമേയുള്ളൂ. കാശ്മീരിനെക്കുറിച്ച് ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ യാതൊരു കുറ്റബോധവും എനിക്കില്ല. അത് എന്റെ കാഴ്ചപ്പാടുകളാണ്.

ഹിംസയില്‍ വിശ്വസിക്കുന്ന ചില സംഘടനകളെ നിരോധിക്കുന്ന കാര്യങ്ങള്‍വരെ നമ്മള്‍ പരിഗണിക്കേണ്ടതുണ്ട്. ശരിയായി ചിന്തിക്കുന്ന എല്ലാ ജനങ്ങളും ഈ സംഘടനകളെ പുറന്തള്ളും. ഇത് ഫാഷിസമാണ്.

കാശ്മീര്‍ പ്രശ്‌നത്തില്‍ തുറന്ന ചര്‍ച്ച വേണ്ടെന്നാണോ നമ്മള്‍ പറയുന്നത്? എന്റെ അഭിപ്രായങ്ങളെ രാജ്യദ്രാഹമെന്ന് പറയുന്നത് അസംബന്ധമാണ്. ഇന്ത്യന്‍ ഭരണഘടനയ്ക്കു കീഴിലാണുള്ളതെങ്കില്‍ ഇതിനവര്‍ ഉത്തരം പറയേറിണ്ടിവരും. അവര്‍ക്ക് ഒരിക്കലും ദേശസ്‌നേഹികളാകാന്‍ കഴിയില്ല.


കെ.ഇ.എന്‍, ഇടത് ചിന്തകന്‍

വര്‍ഷിച്ചു വരുന്ന അസഹിഷ്ണുതയാണ് ഇത്തരം ആക്രമണത്തിന് പിന്നിലുള്ളത്. രാഷ്ട്രീയ രംഗത്ത് മാത്രമല്ല, ആശയ ആവിഷ്‌കാര രംഗത്തും ഇത് ഏറ്റവും വലിയ അപകടമാണ്. ഇന്ത്യന്‍ ദേശീയതയെ സ്പര്‍ശിക്കുന്ന ഒരു വിഷയത്തിലും വിരുദ്ധാഭിപ്രായം പറയാന്‍ സമ്മതിക്കില്ല എന്നതാണ് അവര്‍ നല്‍കുന്ന സന്ദേശം. ഇതിന് മുന്‍പും കാശ്മീര്‍ വിഷയത്തില്‍ അഭിപ്രായം പറഞ്ഞ ആളുകള്‍ അക്രമിക്കപ്പെട്ടിട്ടുണ്ട്.

വാസ്തവത്തില്‍ കാശ്മീരിനെപ്പറ്റി പ്രശാന്ത് ഭൂഷന്‍ പറഞ്ഞ അഭിപ്രായങ്ങള്‍ ആദ്യമായല്ല ഉണ്ടാവുന്നത്. കാശ്മീരിന്റെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ നമുക്കവകാശമില്ലെന്നും അത് കാശ്മീര്‍ ജനത തീരുമാനിക്കുമെന്നും 1952 ആഗസ്റ്റ് 2 നു ഇന്ത്യന്‍ പാര്‍ലമെന്റില്‍ നെഹ്‌റു പറഞ്ഞിട്ടുള്ള കാര്യമാണ്. ഇതേ കാര്യമാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്. അതിനെയാണ് ഒരുപറ്റം ആളുകള്‍ ദേശീയതയുടെ പേരില്‍ ആക്രമിക്കുന്നത്. ഇത് മേല്‍ക്കോയ്മാ ദേശീയതയുടെ ഒരു മുഖമാണ്. ഇതിന് ഇന്ത്യയുടെ പ്രഖ്യാപിത നിലപാടായ മതേതരത്വ ദേശീയതയുമായി ഒരു ബന്ധവുമില്ല. അതിനെതിരുമാണ്.

ഭയം ഭരിക്കുന്ന അവസ്ഥയില്‍ ഒരു ചര്‍ച്ചയും സാധ്യമല്ല. പ്രശാന്ത് ഭൂഷന് തോന്നുന്ന കാര്യങ്ങള്‍ പറയാനും പ്രകടിപ്പിക്കാനും പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. അതിനോട് യോജിക്കാം, വിയോജിക്കാം. എന്നാല്‍ അഭിപ്രായം പറയുന്നവര്‍ക്കെതിരെ അക്രമണം നടത്തുകയെന്നത് ഭീകരതയാണ്. ഫാസിസമാണ്. തങ്ങള്‍ക്കിഷ്ടമല്ലാത്ത വിഷയം പറയുമ്പോള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുക എന്നത് ഫാസിസത്തിന്റെ സ്ഥിരം ശൈലിയാണ്. ഈ വിഷയം ശ്രദ്ധിച്ചു കാതോര്‍ത്താല്‍ വളര്‍ന്നു വരുന്ന ഇന്ത്യന്‍ ഫാസിസത്തിന്റെ കാലൊച്ച കേള്‍ക്കാന്‍ കഴിയും. അതിനെ ജനാധിപത്യ വിശ്വാസികള്‍ കൂട്ടായി എതിര്‍ത്തു തോല്‍പ്പിക്കേണ്ടതാണ്.

ഇപ്പോള്‍ പ്രശാന്ത് ഭൂഷനെ ആക്രമിച്ചാല്‍ ഗുണം കിട്ടുന്നത് കോണ്‍ഗ്രസിനാണ്. അതുകൊണ്ട് ഈ അക്രമികള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന മട്ടിലുള്ളപ്രതികരണം കണ്ടു. അധികാര വര്‍ഗ്ഗതിനെതിരെ ആണ് പ്രശാന്ത് ഭൂഷന്‍ സമരം നയിക്കുന്നത്. ഇന്ത്യയില്‍ ഭരണത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് ആണെങ്കിലും സംഘപരിവാര്‍ അധികാര രാഷ്ട്രീയത്തില്‍ അവരെക്കാള്‍ വലിയ സാന്നിധ്യമാണ്. ഇവര്‍ തമ്മിലുള്ള വൈരുധ്യം ഈ കേസില്‍ എങ്ങനെയാണു പ്രവര്‍ത്തിച്ചത് എന്ന കാര്യമൊക്കെ അന്വേഷണത്തില്‍ വെളിപ്പെടെണ്ടാതാണ്.

ജെ. ഗോപീകൃഷ്ണന്‍, മാധ്യമപ്രവര്‍ത്തകന്‍, ന്യൂദല്‍ഹി

കാശ്മീര്‍ വിഷയത്തില്‍ പ്രശാന്ത് ഭൂഷണ്‍ നടത്തിയ പ്രസ്താവനയില്‍ പ്രകോപിതരായാണ് അദ്ദേഹത്തെ ആക്രമിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അഴിമതിക്കെതിരെ അദ്ദേഹം നടത്തുന്ന സമരങ്ങള്‍, അമര്‍സിംഗിനെപ്പോലുള്ളവര്‍ക്കെതിരെ അദ്ദേഹം നടത്തിയ നിയമപോരാട്ടങ്ങള്‍ എന്നിവ ഭയക്കുന്ന ആരൊക്കെയോ ചേര്‍ന്ന് ഏര്‍പ്പെടുത്തിയ വാടകഗുണ്ടകളാണ് പ്രശാന്ത് ഭൂഷണെ ആക്രമിച്ചത്. അതിന് ഭഗത് സിംങ് ക്രാന്തി സേന എന്ന പേരില്‍ ഒരു തട്ടിക്കൂട്ടു സംഘടനയുടെ പേരും കൊടുത്തു. ദല്‍ഹിയില്‍ ഇത് സ്ഥിരമായി നടക്കുന്നതാണ്.

ഇതിന് പിന്നില്‍ സര്‍ക്കാരാണ്, കോണ്‍ഗ്രസാണ് എന്നൊന്നും ഞാന്‍ പറയുന്നില്ല. പ്രശാന്ത് ഭൂഷണും അണ്ണാ ഹസാരെയുമൊക്കെ ചേര്‍ന്ന് അഴിമതിക്കും കള്ളപ്പണത്തിനും കോര്‍പ്പറേറ്റുകള്‍ക്കും എതിരായി നടത്തുന്ന പോരാട്ടങ്ങള്‍ പലരുടേയും നിലനില്‍പ്പിന് തന്നെ ഭീഷണിയാണ്. ഇതില്‍ വെപ്രാളം പൂണ്ടവര്‍ ഒരു സംഘടനയുടെ പേരില്‍ കുറേ ഗുണ്ടകളെ ഇറക്കി കളിക്കുകയാണ്. ഇതിനൊരു രാഷ്ട്രീയ പിന്‍ബലമുണ്ടാക്കാന്‍ ഭഗത് സിംഗ് ക്രാന്തി സേനയെന്ന പേര് നല്‍കിയത്.

കാശ്മീര്‍ സംഭവത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ അഭിപ്രായങ്ങള്‍ ഇതിന് മുമ്പ് പലരും പറഞ്ഞിട്ടുണ്ട്. സായുധസേനയ്ക്ക് പ്രത്യേകാധികാരം നല്‍കുന്ന നിയമം എടുത്തുമാറ്റണമെന്ന് ആദ്യമായി ആവശ്യപ്പെട്ടയാളല്ല പ്രശാന്ത് ഭൂഷണ്‍. പിന്നെ അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവന നടത്തിയത് നമ്മള്‍ അറിയുന്നത് ഈ ആക്രമണം നടന്നശേഷമാണ്. അങ്ങനെ നോക്കുമ്പോള്‍ ഈ കാശ്മീര്‍ പ്രസ്താവന ഒരു കാരണമാക്കിയെടുത്ത് നേരത്തെ പ്ലാന്‍ ചെയ്ത ഒരു പ്രതികാരനടപടി നടത്തുകയായിരുന്നു.

സി.കെ.പത്മനാഭന്‍, ബി.ജെ.പി നേതാവ്

പ്രശാന്ത് ഭൂഷണ്‍ ആക്രമിക്കപ്പെട്ടത് ഒരിക്കലും ന്യായീകരിക്കാനാവുന്നതല്ല. ഇത് പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമാണ്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഈ ജനാധിപത്യ രാജ്യത്ത് എല്ലാവര്‍ക്കുമുണ്ട്. ജനാധിപത്യപരമായി പ്രതികരിച്ചാല്‍ അതിലൊരു തെറ്റുമില്ല.

ആക്രമണം ഏതു ‘സേന’ക്കാര്‍ നടത്തിയാലും അത് തെറ്റു തന്നെയാണ്. അക്രമം ആര് നടത്തിയാലും അത് അംഗീകരിക്കാനാവില്ല. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കേണ്ടതുണ്ട്. ഇവര്‍ക്കെതിരെ ഇന്ത്യന്‍ ക്രിമിനല്‍ നടപടിക്രമമനുസിരിച്ച് നടപടി സ്വീകരിക്കണം. ഇതിനുപിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്നോ മറ്റു താല്‍പര്യങ്ങള്‍ ഉണ്ടോ എന്നൊന്നും ഇപ്പോള്‍ പറയാനാവില്ല.

ലീല മേനോന്‍, മാധ്യമപ്രവര്‍ത്തക

ദേശീയ വികാരത്തിനെതിരെ സംസാരിക്കുന്നവരെ ഇത്തരത്തില്‍ ആക്രമിക്കുന്നത് ഒരിക്കലും ശരിയല്ല. നമ്മുടെ ഭരണഘടന എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ഓരോരുത്തര്‍ക്കും അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ആക്രമണം ആര് നടത്തിയാലും അതിനെ ന്യായീകരിക്കുന്നില്ല. അത് എന്തിന്റെ പേരിലാണെങ്കിലും. കാശ്മീര്‍ വിഷയത്തില്‍ പ്രശാന്ത് ഭൂഷണ്‍ നടത്തിയ പ്രസ്താവനകളോട് എതിര്‍പ്പുണ്ടെങ്കില്‍ അതിനെ അക്രമത്തിലൂടെയല്ല എതിര്‍ക്കേണ്ടത്.