ന്യൂദല്‍ഹി: കാശ്മീര്‍ പരാമര്‍ശത്തിന്റെ പേരില്‍ മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനും അണ്ണാ ഹസാരെ സംഘാംഗവുമായ പ്രശാന്ത് ഭൂഷണെ ആക്രമിച്ചവരെ ജാമ്യത്തില്‍ വിട്ടു. തേജീന്ദര്‍ സിംഗ് ഭഗ്ഗ, വിഷ്ണു ഗുപ്ത, ഇന്ദര്‍ വര്‍മ്മ എന്നീ പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചത്.

ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സംഭവത്തിന് ശേഷം അറസ്റ്റിലായ ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയായിരുന്നു.

Subscribe Us:

ഇന്നലെ ഇവരെ ഒരു ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടിരുന്നു.

തേജീന്ദര്‍ സിംഗ് ഭഗ്ഗ മുന്‍പ് ബി.ജെ.പിയുടെ യുവജനസംഘടനയില്‍ അംഗമായിരുന്നു. പക്ഷേ, ബി.ജെ.പി ഇത് നിഷേധിച്ചിരുന്നെങ്കിലും എന്നാല്‍ എല്‍.കെ.അദ്വാനിയുമൊത്തുള്ള ഭഗ്ഗയുടെ ചിത്രം പുറത്തു വന്നത് ബി.ജെ.പിയെ വെട്ടിലാക്കിയിരുന്നു. അരുന്ധതി റോയിയുടെ വീട് ആക്രമിച്ചതിലും ഹുറിയത്ത് നേതാവ് അലി ഷാ ഗീലാനിയെ ആക്രമിച്ചതിലും താന്‍ പങ്കാളിയാണെന്ന് ഭഗ്ഗ സമ്മതിച്ചിട്ടുണ്ട്.

ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് പ്രശാന്ത് ഭൂഷണ് ഭഗത്‌സിംഗ് ക്രാന്തിസേനാ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത്. സുപ്രീം കോടതിയിലെ പ്രശാന്ത് ഭൂഷന്റെ ചേംബെറിലെത്തിയ മൂന്നംഗ സംഘം അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.