ന്യൂദല്‍ഹി: പ്രശസ്ത അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെ ഭഗത്‌സിംഗ് ക്രാന്തിസേനാ പ്രവര്‍ത്തകര്‍ ആക്രമിച്ചു. സുപ്രീംകോടതിയിലെ അദ്ദേഹത്തിന്റെ ചേംബറിലെത്തിയ പ്രവര്‍ത്തകര്‍ പ്രശാന്ത് ഭൂഷണെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മൂന്നംഗസംഘമാണ് അദ്ദേഹത്തെ ആക്രമിച്ചത്.

കാശ്മീര്‍ വിഷയത്തില്‍ പ്രശാന്ത് ഭൂഷണ്‍ നടത്തിയ പ്രസ്താവനയാണ് മര്‍ദ്ദനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം ലക്‌നൗവില്‍ വെച്ച് കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ അവിടെയൊരു ഹിതപരിശോധന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കാശ്മീരില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കണം. കാശ്മീരില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന എ.എഫ്.എസ്.പി.എ നിയമം പിന്‍വലിക്കണം. കാശ്മീരില്‍ നിരവധി പേരുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതരായാണ് അദ്ദേഹത്തെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Subscribe Us:

പ്രശാന്ത് ഭൂഷണിന്റെ പ്രസ്താവനയെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് വലതുപക്ഷ ഹിന്ദു സംഘടനകള്‍ രംഗത്തുവന്നിരുന്നു. അദ്ദേഹത്തെ വിമര്‍ശിച്ചുകൊണ്ട് ശിവസേന നേതാവ് ബാല്‍താക്കറെ ശിവസേനയുടെ മുഖപത്രമായ സാംനയില്‍ ലേഖനം എഴുതിയിരുന്നു. പ്രശാന്ത് ഭൂഷണിന്റെ നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്ന് ലേഖനത്തില്‍ താക്കറെ വ്യക്തമാക്കി. അണ്ണാ ഹസാരെ സംഘത്തിന്റെ നിലപാടാണോ പ്രശാന്ത് ഭൂഷണ്‍ വെളിപ്പെടുത്തിയത് എന്നും അദ്ദേഹം ചോദിച്ചിരുന്നു. കാശ്മീരില്‍ ഹിതപരിശോധന നടത്തണമെന്ന പ്രസ്താവനയാണ് ഇവരെ കൂടുതല്‍ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

ആക്രമണത്തിനിരയായ പ്രശാന്ത് ഭൂഷണെ ദല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതിനിടെ, അക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭഗത്‌സിംഗ് ക്രാന്തിസേന എന്ന സംഘടന രംഗത്തെത്തി. അവരുടെ ഫേസ്ബുക്ക് വാളിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ സംഘടന നടത്തിയിരിക്കുന്നത്. ‘ ഞങ്ങളുടെ ലക്ഷ്യം തീര്‍ക്കാന്‍ സഹായിക്കണേ ദൈവമേ’യെന്ന് ആറ് മണിക്കൂറുകള്‍ക്ക് മുമ്പ് വാളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ‘ ഞങ്ങള്‍ ക്രൂരമായി പ്രശാന്ത് ഭൂഷണെ സുപ്രീംകോടതിയില്‍ അയാളുടെ ചേംബറില്‍വച്ച് അക്രമിച്ചു. ഞങ്ങളുടെ രാജ്യത്തെ വെട്ടിമുറിക്കാന്‍ ശ്രമിച്ചാല്‍ നിങ്ങളുടെ തലയും വെട്ടിമുറിക്കും’ എന്നും രേഖപ്പെടുത്തിയിരിക്കുന്നു.