ന്യൂദല്‍ഹി: സുപ്രിംകോടതിയിലെ പ്രമുഖ അഭിഭാഷകനും അണ്ണാ ഹസാരെ സംഘത്തിലെ രണ്ടാമനുമായ പ്രശാന്ത് ഭൂഷണെ ക്രൂരമായി മര്‍ദ്ദിച്ച സംഘത്തിലുണ്ടായിരുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ദല്‍ഹിയിലെ പാട്യാല ഹൗസ് കോടതിയില്‍ കീഴടങ്ങിയ ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും.

തേജീന്ദര്‍ സിംഗ് ഭഗ്ഗ, വിഷ്ണു ഗുപ്ത എന്നിവരെയാണ് ഇന്ന് പോലീസ് അറസ്റ്റു ചെയ്തത്. ഭഗ്ഗ മുന്‍പ് ബി.ജെ.പിയുടെ യുവജനസംഘടനയില്‍ അംഗമായിരുന്നു. പക്ഷേ, ബി.ജെ.പി ഇത് നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ എല്‍.കെ.അഡ്വാനിയുമൊത്തുള്ള ഭഗ്ഗയുടെ ചിത്രം പുറത്തു വന്നത് ബി.ജെ.പിയെ വെട്ടിലാക്കിയിട്ടുണ്ട്.

അരുന്ധതി റോയിയുടെ വീട് ആക്രമിച്ചതിലും ഹുറിയത്ത് നേതാവ് അലി ഷാ ഗീലാനിയെ ആക്രമിച്ചതിലും താന്‍ പങ്കാളിയാണെന്ന് ഭഗ്ഗ സമ്മതിച്ചിട്ടുണ്ട്. സംഘത്തിലെ മൂന്നാമനായ ഇന്ദേര്‍ വര്‍മ്മ ഇന്നലെ തന്നെ പോലീസ് പിടിയിലായിരുന്നു.

ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് പ്രശാന്ത് ഭൂഷണ് ഭഗത്‌സിംഗ് ക്രാന്തിസേനാ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത്. സുപ്രീം കോടതിയിലെ പ്രശാന്ത് ഭൂഷന്റെ ചേംബെറിലെത്തിയ മൂന്നംഗ സംഘം അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഒരു ടിവി ചാനലുമായുള്ള ഇന്റര്‍വ്യൂയില്‍ സംസാരിക്കുകയായിരുന്നു അപ്പോള്‍ അദ്ദേഹം. കശ്മീരില്‍ ഹിതപരിശോധന സാധ്യമാണെന്ന് രണ്ടാഴ്ച മുന്‍പ് വാരണാസിയില്‍ പ്രശാന്ത് ഭൂഷണ്‍ നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് സംഘം ആക്രമണം നടത്തിയത്.

സംഭവത്തില്‍ സമൂഹത്തിലെ വിവിധ മേഖലകളിലുള്ള നിരവധിപേര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രശാന്ത് ഭൂഷണെതിരായ അക്രമം ശുദ്ധ തെമ്മാടിത്തരമാണെന്ന് കിരണ്‍ ബേദി കുറ്റപ്പെടുത്തി. ആക്രമണത്തെ ആഭ്യന്തരമന്ത്രി പി.ചിദംബരം അപലിപിച്ചു. സംഭവത്തെക്കുറിച്ച് ചിദംബരം ദല്‍ഹി പോലീസിനോട് വിവരങ്ങള്‍ തേടിയിട്ടുണ്ട്. അക്രമത്തിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.