ലെനിന്‍ രാജേന്ദ്രന്റെ പുതിയ ചിത്രമായ ഇടവപ്പാതിയില്‍ ജഗതി ചെയ്യാനിരുന്ന ഇരട്ടകഥാപാത്രങ്ങള്‍ക്ക് ഇനി പ്രശാന്ത് നാരായണന്റെ മുഖമായിരിക്കും. ബോളീവിഡിലൂടെ ശ്രദ്ധേയനായ നടനാണ് പ്രശാന്ത്.

പ്രശാന്ത് അഭിനയിച്ച മര്‍ഡര്‍ 2 ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇടവപ്പാതിയുടെ സെറ്റിലേക്കുള്ള യാത്രയിലായിയിരുന്നു ജഗതി ശ്രീകുമാറിന് അപകടം സംഭവിച്ചത്. ഇതോടെ അദ്ദേഹത്തെ തീരുമാനിച്ച എല്ലാ ചിത്രങ്ങളും മറ്റ് നടന്‍മാരെ വെച്ച് ചിത്രീകരണം തുടരുകയായിരുന്നു.

എന്നാല്‍ തന്റെ ചിത്രത്തിലേക്ക് അനുയോജ്യനായ മറ്റൊരു നടനെ കണ്ടെത്താന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ ലെനിന്‍ രാജേന്ദ്രന്‍ ജഗതിയുടെ മടങ്ങിവരവിനായി കാത്തിരിക്കുകയായിരുന്നു.

ഒടുവില്‍ മടങ്ങിവരവിന് കാലതാമസം ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ ലെനിന്‍ പകരക്കാരനെ തേടിയിറങ്ങുകയായിരുന്നു. അങ്ങനെയാണ് മുംബൈ മലയാളിയായ പ്രശാന്ത് നാരായണന് നറുക്ക് വീഴുന്നത്.