കോഴിക്കോട്: ദൃശ്യ മാധ്യമ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും മറ്റും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരിടുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ പ്രശാന്ത് നായര്‍ ഐ.എ.എസ്. തന്റെ ജോലിയുടെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരെ അടുത്തറിയാനും പരിചയപ്പെടാനും സാധിച്ചിട്ടുണ്ടെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ കുഴപ്പക്കാര്‍ കുറവാണെന്നും പറഞ്ഞ് കൊണ്ട് തന്റെ ഫേസ്ബുക്ക് പേജിലിട്ട കുറിപ്പിലൂടെയാണ് പ്രശാന്ത് മാധ്യമ വിമര്‍ശനങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്.


Also read ‘താന്‍ കുറേ നേരമായല്ലോ ചൊറിയുന്നു ശശീന്ദ്രനോട് കാശു വാങ്ങിട്ടുണ്ടെങ്കില്‍ അവിടെ വച്ചേക്ക്’; ചാനല്‍ ചര്‍ച്ചക്കിടെ പ്രേക്ഷകനോട് പൊട്ടിത്തെറിച്ച് മംഗളം സി.ഇ.ഒ 


ചുറ്റിലും മാധ്യമ പ്രവര്‍ത്തകരെ ഒന്നടങ്കം കരി തേച്ച് കാണിക്കുന്ന ചര്‍ച്ചകളാണല്ലോ എന്നു പറഞ്ഞ് കൊണ്ടാണ് പ്രശാന്ത് നായര്‍ തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ഉദ്യോഗസ്ഥ ലോകത്ത് വാഴുന്ന സര്‍പ്പങ്ങള്‍ക്ക് മുന്നില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഒന്നുമല്ലെന്നും പ്രശാന്ത് പറയുന്നു.

‘മനസ്സാക്ഷി ഇല്ലാത്ത ഡോക്ടര്‍മാര്‍, കട്ട് മുടിക്കുന്ന എഞ്ചിനീയര്‍മാര്‍, കക്ഷിയെ വലിപ്പിക്കുന്ന വക്കീലന്മാര്‍, കുട്ടികളെ പീഡിപ്പിക്കുന്ന മാഷന്മാര്‍, എന്തിനും പോന്ന രാഷ്ട്രീയക്കാര്‍, പബ്ലിസിറ്റി മാത്രം നോക്കി നടക്കുന്ന ‘സാംസ്‌കാരികനേതാക്കള്‍’ ഇവരൊക്കെ അടങ്ങിയ നമ്മുടെ സമൂഹത്തിന്റെ പൊതുനിലവാരം മറന്ന് സംസാരിക്കരുത്.’ അദേഹം പറയുന്നു.


Dont miss ‘അളിയാ അളിയാ അളിയനെന്താ ഉദ്ദേശിച്ചേ!’; കളിക്കിടെ ജഡേജ പറഞ്ഞ ഹിന്ദി അസഭ്യത്തിന്റെ അര്‍ത്ഥം അറിയാന്‍ ജഡേജയെ വിടാതെ പിന്തുടര്‍ന്ന് ഓസീസ് വിക്കറ്റ് കീപ്പര്‍, വീഡിയോ 


ഇങ്ങിനെയൊക്കെ ആണെങ്കിലും മാധ്യമ പ്രവര്‍ത്തകരില്‍ അഹങ്കാരം കൂടിയ ചില ആളുകളുണ്ടെന്നും പറഞ്ഞ പ്രശാന്ത് ജോലിയുടെ ഭാഗമായി മന്ത്രിയെയും പ്രധാനമന്ത്രിയെയും പേര് പറഞ്ഞ് അഭിസംബോധന ചെയ്ത് ശീലമാവുമ്പോള്‍ സ്വാഭാവികമായും ചിലരെങ്കിലും ‘ഞാനൊരു സംഭവാട്ടോ’ എന്ന് ചിന്തിച്ച് പോകുന്നതാണെന്നും. ഉദ്യോഗസ്ഥരെ ‘ഉണ്ടാക്കുന്നതും ഇല്ലാതാക്കുന്നതും’ നോം ആണെന്ന് വിചാരിക്കുന്ന എട്ടുകാലി മമ്മൂഞ്ഞുകളെ ഞാനും കണ്ടിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ഇന്നും പല നല്ല കാര്യങ്ങളും സംഭവിക്കാന്‍ കാരണമായിതീരുന്നത് മാധ്യ പ്രവര്‍ത്തകരാണെന്ന് പറഞ്ഞ പ്രശാന്ത് താന്‍ കോഴിക്കോട് കലക്ടറായിരുന്നപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ ഇടപെട്ട ചില വിഷയങ്ങളും ഉദാഹരണമായി പോസ്റ്റിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്.

വാര്‍ത്തയ്ക്ക് വേണ്ടിയായിരുന്നില്ല അവരൊന്നും വിഷയങ്ങളില്‍ ഇടപെടുന്നതെന്നും പറയുന്ന പ്രശാന്ത് പലരും നിയമപ്രകാരം ചെയ്യാന്‍ പാടില്ലാത്തത് ചെയ്യിക്കാന്‍ ശ്രമിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ് സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് കൂട്ടെന്നു്ം ഇവരൊന്നും ഒറ്റപ്പെട്ടവരല്ലെന്നും ഒറ്റപ്പെട്ട ചിലയാള്‍ക്കാരാണ് പശ്‌നക്കാരെന്നും പറയുന്നു. ചുറ്റിലും കാണുന്ന ചര്‍ച്ചകള്‍ക്ക് ബാലന്‍സ് വീണ്ടെടുക്കേണ്ടതുണ്ട് ബ്രോസ് എന്നു പറഞ്ഞു കൊണ്ടാണ് പ്രശാന്ത് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ചുറ്റിലും മാധ്യമ പ്രവര്‍ത്തകരെ ഒന്നടങ്കം കരി തേച്ച് കാണിക്കുന്ന ചര്‍ച്ചകളാണല്ലോ. ജോലിയുടെ ഭാഗമായി എല്ലാ തൊഴില്‍ മേഖലയില്‍ നിന്നും ആള്‍ക്കാരെ കാണാനും പരിചയപ്പെടാനും അടുത്തറിയാനും സാധിച്ചിട്ടുണ്ട്. സത്യം പറയാമല്ലോ, കുഴപ്പക്കാര്‍ സ്വതവേ കുറവാണ് മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍. ഞാനുള്‍പ്പെടുന്ന ഉദ്യോഗസ്ഥലോകത്ത് വാഴുന്ന സര്‍പ്പങ്ങള്‍ക്ക് മുന്നില്‍ ഇവരൊക്കെ എന്ത്? മനസ്സാക്ഷി ഇല്ലാത്ത ഡോക്ടര്‍മാര്‍, കട്ട് മുടിക്കുന്ന എഞ്ചിനീയര്‍മാര്‍, കക്ഷിയെ വലിപ്പിക്കുന്ന വക്കീലന്മാര്‍, കുട്ടികളെ പീഡിപ്പിക്കുന്ന മാഷന്മാര്‍, എന്തിനും പോന്ന രാഷ്ട്രീയക്കാര്‍, പബ്ലിസിറ്റി മാത്രം നോക്കി നടക്കുന്ന ‘സാംസ്‌കാരികനേതാക്കള്‍’… ഇവരൊക്കെ അടങ്ങിയ നമ്മുടെ സമൂഹത്തിന്റെ പൊതുനിലവാരം മറന്ന് സംസാരിക്കരുത്.

മാധ്യമപ്രവര്‍ത്തകരില്‍ കുറച്ച് അഹങ്കാരം കൂടിയ ടീംസ് കാണാം. പക്ഷേ അവരെയും കുറ്റം പറയാന്‍ പറ്റില്ല. ജോലിയുടെ ഭാഗമായി മന്ത്രിയെയും, പ്രധാനമന്ത്രിയെയും ഒക്കെ പേര് പറഞ്ഞ് അഭിസംബോധന ചെയ്ത് ശീലമാവുമ്പോള്‍ സ്വാഭാവികമായും ചിലരെങ്കിലും ‘ഞാനൊരു സംഭവാട്ടോ’ എന്ന് ചിന്തിച്ച് പോകും. ഉദ്യോഗസ്ഥരെ ‘ഉണ്ടാക്കുന്നതും ഇല്ലാതാക്കുന്നതും’ നോം ആണെന്ന് വിചാരിക്കുന്ന എട്ടുകാലി മമ്മൂഞ്ഞുകളെ ഞാനും കണ്ടിട്ടുണ്ട്. പക്ഷേ ഇതൊക്കെ മനുഷ്യസഹജമായ ചെറിയ കാര്യങ്ങളാണ്, ക്ഷമിക്കാവുന്നതേ ഉള്ളൂ. പക്വത കൈവരിക്കുമ്പോള്‍ മാറുന്ന ചെറു ദോഷങ്ങള്‍. മറ്റ് ഭീകരന്മാരെ അത്രക്ക് കണ്ടിട്ടുള്ളതോണ്ട് പറയുവാ..

‘ഗാര്‍ബേജ് ഇന്‍- ഗാര്‍ബേജ് ഔട്ട്’ എന്ന പോളിസി പ്രകാരം അകത്തോട്ട് വാര്‍ത്തകള്‍ ഫീഡ് ചെയ്യുന്ന പൊതുസമൂഹം അതിന്റെ നിലവാരം കാണിക്കും. ആ ടൈപ്പ് വാര്‍ത്തകള്‍ അകത്തോട്ട് പോകും. പുറത്തേക്ക് വരുമ്പോള്‍ ഒന്നൂടെ വക്രിക്കുകയും ചെയ്യും. മരത്തിന്റെ വളവും, ആശാരിയുടെ പിടിപ്പ്കേടും, രണ്ടും കൂടാവുമ്പൊ ഭേഷായി.

എന്നാല്‍ നമ്മളെല്ലാവരും സമ്മതിക്കേണ്ട ഒരു കാര്യമുണ്ട്, ഇന്നും എത്രയോ നല്ല കാര്യങ്ങള്‍ നടക്കാന്‍ ഹേതു മാധ്യമങ്ങള്‍ തന്നെയാണ്. സോഷ്യല്‍ മീഡിയയെ വേറിട്ട് കാണുന്നില്ല. കോഴിക്കോട്ട്, സാമൂഹ്യസുരക്ഷാസംബന്ധമായ എത്രയോ വിഷയങ്ങളില്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്താന്‍ കൃത്യമായ ഇന്‍പുട്ട് തന്നിട്ടുള്ളത് പലപ്പോഴും നല്ലവരായ മാധ്യമപ്രവര്‍ത്തകരാണ്. കോഴിക്കോട്ട് ബീച്ചിലെ അങ്കന്‍വാടി മുറ്റത്ത് അപകടകരമായ നിലയില്‍ തുറന്നിട്ട കിണറുണ്ടെന്നും എപ്പൊ വേണമെങ്കിലും കുട്ടികള്‍ക്ക് അപകടം സംഭവിക്കാം എന്നതും എന്നെ അറിയിച്ചത് ഒരു ചാനല്‍ റിപ്പോര്‍ട്ടറാണ്.

കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് പറഞ്ഞ് അടുത്ത ദിവസം അതിന് മെറ്റല്‍ കവറിട്ടപ്പോള്‍ അദ്ദേഹം ഹാപ്പിയായി. ഇത് ഒരു വാര്‍ത്തക്ക് വേണ്ടി ചെയ്തതല്ല. ഇമ്പാക്റ്റ് സ്റ്റോറി നോക്കിയല്ല അദ്ദേഹം ഈ വിഷയം എന്നെ അറിയിച്ചത്. അദ്ദേഹത്തിനും എനിക്കും മാത്രം അറിയാവുന്ന കാര്യമാണിത്. കുറ്റ്യാടി കനാല്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു മാധ്യമ ബ്രോ അതിന്റെ പ്രശ്‌നം തീര്‍ക്കാന്‍ വല്ല വഴിയും ഉണ്ടോ എന്ന് ആത്മാര്‍ത്ഥമായി ആരായുന്നത് ഓര്‍ക്കുന്നു. പലരും നിയമപ്രകാരം ചെയ്യാന്‍ പാടില്ലാത്തത് ചെയ്യിക്കാന്‍ ശ്രമിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ് സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട്. ഇവരൊന്നും ഒറ്റപ്പെട്ടവരല്ല. ഒറ്റപ്പെട്ടവര്‍ പ്രശ്‌നക്കാരാണ്. ഏത് പ്രൊഫഷനിലും ഉള്ള പോലെ.
ചുറ്റിലും കാണുന്ന ചര്‍ച്ചകള്‍ക്ക് ബാലന്‍സ് വീണ്ടെടുക്കേണ്ടതുണ്ട് ബ്രോസ്.