എഡിറ്റര്‍
എഡിറ്റര്‍
കാശ്മീര്‍ ഹിതപരിശോധന: പ്രശാന്ത് ഭൂഷണിന്റെ പ്രസ്താവന വിവാദത്തില്‍
എഡിറ്റര്‍
Monday 6th January 2014 11:40pm

prasanth-bhushan

ന്യൂദല്‍ഹി: ജമ്മു കാശ്മീരിലെ സൈനിക സാന്നിധ്യത്തെക്കുറിച്ച് ഹിതപരിശോധന നടത്തണമെന്ന ആം ആദ്മി നേതാവ് പ്രശാന്ത് ഭൂഷണിന്റെ പ്രസ്താവന വിവാദത്തില്‍.

ഹിതപരിശോധന നടത്തണമെന്ന വാദത്തെ കോണ്‍ഗ്രസും ബി.ജെ.പിയും ഒരുപോലെ എതിര്‍ത്തു. പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ കാശ്മീരില്‍ ഒരു തരത്തിലുള്ള ഹിതപരിശോധനയ്ക്കും ആം ആദ്മി പാര്‍ട്ടി പിന്തുണക്കില്ലെന്ന് ആം ആദ്മിയും പ്രഖ്യാപിച്ചു.

ആഭ്യന്തര സുരക്ഷയെ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ നിയമത്തിന് വിടണമെന്നും അത്തരം വിഷയങ്ങളില്‍ ഹിതപരിശോധന നടത്തേണ്ട ആവശ്യമില്ലെന്നുമാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കിയത്.

ജമ്മു കാശ്മീരില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്നതിനെപ്പറ്റി ഹിതപരിശോധന നടത്തണമെന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്.

ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ ദുര്‍ബല നിലപാടാണ് പ്രശാന്ത് ഭൂഷണിന്റെ നിലപാടോടെ പുറത്തു വന്നിരിക്കുന്നതെന്ന് രാജ്യസഭാപ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

ദേശീയ സുരക്ഷ ഹിതപരിശോധനയോ ജനപങ്കാളിത്തമോ കൊണ്ട് തീരുമാനിക്കാവുന്നതല്ലെന്നും തീവ്രവാദ ഭീഷണി ഒഴിയാത്ത സാഹചര്യത്തില്‍ ജമ്മു കാശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ കാശ്മീര്‍ വിഷയം സജീവമാക്കുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് ബി.ജെ.പി വക്താവ് മീനാക്ഷി ലേഖി പറഞ്ഞു. അതേസമയം പ്രസ്താവന വിവാദമായതോടെ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു.

Advertisement