എഡിറ്റര്‍
എഡിറ്റര്‍
ഇ.പി ജയരാജനെ കൊല്ലാന്‍ കെ. സുധാകരന്‍ ഗൂഢാലോചന നടത്തി: കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തല്‍
എഡിറ്റര്‍
Saturday 30th June 2012 11:32am

കണ്ണൂര്‍: സി.പി.ഐ.എം നേതാവ് ഇ.പി ജയരാജനെ വധിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ കെ. സുധാകരനാണെന്ന് കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തല്‍. സുധാകരന്റെ മുന്‍ ഡ്രൈവറും, കണ്ണൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമായ പ്രശാന്ത് ബാബുവിന്റെതാണ് വെളിപ്പെടുത്തല്‍. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രശാന്ത് ബാബു ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ഇ.പി ജയരാജനെ വധിക്കാന്‍ രണ്ടുതവണ ഗൂഢാലോചന നടന്നതായി പ്രശാന്ത് ബാബു പറയുന്നു. 1996ലെ സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് തിരിച്ചുവരും വഴി ആന്ധ്രയില്‍വെച്ച് ഇ.പി ജയരാജനുനേരെ വധശ്രമമുണ്ടായിരുന്നു. രാജധാനി എക്‌സ്പ്രസില്‍ വെച്ച് കഴുത്തിന് വെടിയേറ്റ ജയരാജന്‍ അത്ഭുതകരമായാണ് അന്ന് രക്ഷപ്പെട്ടത്. കെ. സുധാകരന്റെ നേതൃത്തിലാണ് ഇതിനുവേണ്ടിയുള്ള ഗൂഢാലോചന നടത്തിയതെന്നാണ് പ്രശാന്ത് ബാബു വെളിപ്പെടുത്തിയത്.

സഹകരണ സ്ഥാപനത്തില്‍ ജോലി ലഭിച്ച് സുധാകരന്റെ ഡ്രൈവര്‍ ജോലിയില്‍ നിന്നും വിട്ടുനിന്നിരുന്ന സമയത്താണ് ഇ.പി ജയരാജനെ വധിക്കാനുള്ള ഗൂഢാലോചന നടന്നത്. തന്നെ ചില ഡ്യൂട്ടികള്‍ ഏല്‍പ്പിക്കുകയാണെന്ന് പറഞ്ഞ സുധാകരന്‍ തന്റെ സന്ദേശങ്ങള്‍ വിശ്വസ്തരായ പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിക്കാന്‍ നിയോഗിക്കുകയായിരുന്നു.

സുധാകരന്റെ കണ്ണൂര്‍ നടാലിലെ വീട്ടില്‍വെച്ചാണ് ഇ.പി ജയരാജനെ വധിക്കാനുള്ള ഗൂഢാലോചന നടന്നത്. സി.എം.പി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ പ്രമുഖ അഭിഭാഷകനായ അഡ്വ. ടി.പി ഹരീന്ദ്രനും സുധാകരന്റെ ചില സുഹൃത്തുക്കളും ആ സമയത്ത് വീട്ടിലുണ്ടായിരുന്നു. സുഹൃത്തുക്കളോട് പുറത്തേക്ക് ഇറങ്ങാന്‍ സുധാകരന്‍ പറഞ്ഞു. ആരെയോ വധിക്കാനുള്ള ഗൂഢാലോചനയാണിതെന്ന് ആദ്യം തന്നെ മനസിലായെങ്കിലും ഇ.പി ജയരാജനെയാണെന്ന് പിന്നീടാണ് വ്യക്തമായതെന്ന് പ്രശാന്ത് ബാബു പറയുന്നു.

എന്നാല്‍ വധിക്കാനുള്ള തീരുമാനത്തില്‍ സന്നദ്ധനല്ലെന്ന് കാട്ടി താന്‍ സുധാകരന്റെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്നുവെന്നും ഈകേസില്‍ ഗുണ്ടകള്‍ക്ക് പകരം പാര്‍ട്ടിക്കാരെ പ്രതികളാക്കിയെന്നും പ്രശാന്ത് ബാബു പറഞ്ഞു.

ജയരാജന്‍ വധശ്രമം കേസന്വേഷണം അട്ടിമറിക്കപ്പെട്ടതിനെക്കുറിച്ചും പ്രശാന്ത് ബാബു വെളിപ്പെടുത്തിയിട്ടുണ്ട്. വിക്രം ചാലില്‍ ശശി, ദിനേശന്‍ എന്നിവര്‍ ഈ കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. കെ. സുധാകരനാണ് ജയരാജനെ വധിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും ഇതിനായുള്ള ആയുധവും പണവും അദ്ദേഹം നല്‍കിയെന്നും ദിനേശനും സി.എം.പി നേതാവ് എം.വി രാഘവന്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. സംഭവം നടന്നത് ആന്ധ്രയിലായതിനാല്‍ അവിടെയായിരുന്നു അന്വേഷണം നടന്നത്. ഈ സമയത്ത് കോണ്‍ഗ്രസിനായിരുന്നു ആന്ധ്രയിലെ ഭരണം. ആന്ധ്രയിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി സുധാകരന്‍ തന്റെ പേര് കേസില്‍ നിന്നൊഴിവാക്കുകയാണുണ്ടായതെന്നും പ്രശാന്ത് പറയുന്നു.

തലശേരി സഹകരണ പ്രസ് ആക്രമിച്ച് പ്രസിഡന്റിന്റെ മകന്‍ പ്രശാന്തിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചതും സേവറി ഹോട്ടലിനുനേരെയുണ്ടായ ബോംബാക്രമണത്തിനു പിന്നിലും സുധാകരനായിരുന്നു. സുധാകരന്റെ സഹായിയായ മാവിലായി വിജയന്‍ ആക്രമിക്കപ്പെട്ടതിലുള്ള പ്രതികാരമായാണ് പ്രശാന്തിനെ ആക്രമിച്ചത്. സുധാകരന്റെ നിര്‍ദേശപ്രകാരം ഏറണാകുളത്ത് നിന്ന് ക്വട്ടേഷന്‍ സംഘത്തെ കണ്ണൂര്‍ ഡി.സി.സിയുടെ വാഹനത്തില്‍ എത്തിച്ചത് താനാണ്. ഏറണാകുളത്തെ മദ്യവ്യവസായിയാണ് ക്വട്ടേഷന്‍ സംഘത്തെ സംഘടിപ്പിച്ചുനല്‍കിയത്. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ തിരിച്ചടിക്കാന്‍ തനിക്കൊപ്പമുള്ളവര്‍ക്ക് കഴിയുന്നില്ലെന്ന് സുധാകരന് ബോധ്യപ്പെട്ടതോടെയാണ് ക്വട്ടേഷന്‍ സംഘത്തെ ആശ്രയിച്ചത്. ചാലാട് തന്റെ അനുയായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ചതിനുള്ള പ്രതികാരമായിരുന്നു ഹോട്ടല്‍ ആക്രമം. ബോംബാക്രമണത്തില്‍ ഹോട്ടലിലെ തൊഴിലാളിയായ നാണു എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു.

Advertisement