കൊച്ചി: പണക്കാരുടെ എണ്ണം വര്‍ധിക്കുന്നതല്ല രാജ്യപുരോഗതിയുടെ മാനദണ്ഡമെന്ന് പ്രശസ്ത നിയമജ്ഞന്‍ പ്രശാന്ത് ഭൂഷണ്‍. രാജ്യത്തിന്റെ സമ്പത്ത് കോര്‍പ്പറേറ്റ് കുടുംബങ്ങളില്‍ കുന്നുകൂടുന്നതിന് സഹായിക്കുന്ന നിലപാടാണ് ഭരണകൂടത്തിന്റേതെന്നും ‘പുതിയ കേരളം വികസന ഫോറ’ ത്തില്‍ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ നയങ്ങളുടെ നിയന്ത്രണം ഏതാനും ചില കോര്‍പ്പറേറ്റുകളുടെ കൈകളിലാണ്. അഴിമതി വിരുദ്ധ സംവിധാനങ്ങള്‍ ദുര്‍ബലമാവുകയാണ് ഇതിന്റെ ഫലമായി ഉണ്ടാവുന്നത്. രാജ്യത്ത് കോര്‍പ്പറേറ്റ് മാഫിയകളുടെ ഭരണമാണ് നിലനില്‍ക്കുന്നത്. നീര റാഡിയയെപ്പോലുള്ള കുത്തകലോബികളാണ് പ്രധാന നയങ്ങള്‍ തീരുമാനിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍.

ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ജനമുന്നേറ്റങ്ങള്‍ ഇന്ത്യയില്‍ ഇടമില്ലെന്ന് വിശ്വസിക്കുന്നവര്‍ മൂഡസ്വര്‍ഗ്ഗത്തിലാണെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ആമിര്‍ ടി.ആരിഫലി പറഞ്ഞു. ഏകാധിപത്യത്തെയും സ്വേഛാധിപത്യത്തെയുമാണ് ഇസ്‌ലാം പിന്തുണക്കുന്നതെന്ന പാശ്ചാത്യ നുണയാണ് ഇതുവഴി തകര്‍ന്നു വീഴുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡോ.സെബാസ്റ്റിയന്‍ പോള്‍, പ്രൊഫ.ടി.ടി ശ്രീകുമാര്‍, സി.ആര്‍ നീലകണ്ഠന്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.