ന്യൂദല്‍ഹി: ഏറെ വാദ കോലാഹലങ്ങള്‍ക്ക് ശേഷം ലോക് പാല്‍ ബില്ലുകള്‍ ലോക്‌സഭയില്‍. ബില്ലുകള്‍ സംബന്ധിച്ച് ലോക് സഭയില്‍ നടക്കുന്ന ചര്‍ച്ചക്ക് മുന്നോടിയായി ധനമന്ത്രി പ്രണബ് മുഖര്‍ജി പ്രസ്താവന നടത്തി.

അണ്ണാ ഹസാരെയുടെ സമരം അവസാനിപ്പിക്കണമെന്ന് പ്രണബ് മുഖര്‍ജി ആവശ്യപ്പെട്ടു. ജന്‍ ലോക്പാല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്റ്റാന്റിങ് കമ്മിറ്റി പരിഗണിക്കും. ജന്‍ ലോക്പാല്‍ ബില്ലിലെ 40 ആവശ്യങ്ങളില്‍ 20 ആവശ്യവും അംഗീകരിച്ചിട്ടുണ്ട്. ഹസാരെ ഉന്നയിച്ച ആവശ്യങ്ങളില്‍ ആറ് വിഷയങ്ങളിലാണ് സര്‍ക്കാറിന് ശക്തമായ എതിര്‍പ്പുള്ളത്. എന്നാല്‍ ലോക്പാല്‍ കൊണ്ട് മാത്രം അഴിമതി അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും പ്രണബ് വ്യക്തമാക്കി.

നിയമനിര്‍മാണം നടത്തേണ്ടത് പാര്‍ലമെന്റാണ്. ലോക്പാല്‍ ബില്ല് സംബന്ധിച്ച് നടപിടക്രമങ്ങള്‍ വേഗത്തിലാക്കും. നിയമ നിര്‍മ്മാണ പ്രക്രിയയില്‍ പാര്‍ലിമെന്റിനുള്ള പരമാധികാരം ലംഘിക്കാത്ത തരത്തില്‍ പ്രശ്‌നം അവസാനിപ്പിക്കാന്‍ കഴിയണം.
ഹസാരെ ഇന്ന് നിരാഹാരം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രണബ് പറഞ്ഞു.

ബില്‍ പാസാവാത്തതില്‍ ബി.ജെ.പിയും കുറ്റക്കാര്‍:സുഷമ സ്വരാജ്

സര്‍ക്കാര്‍ കൊണ്ടുവന്ന ലോക്പാല്‍ ബില്‍ ഒരു പ്രയോജനവുമില്ലാത്തതാണെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്. പ്രണബ് മുഖര്‍ജിയുടെ ഇന്നത്തെ പ്രസ്താവനയില്‍ മുഖ്യവിഷയങ്ങള്‍ അവഗണിച്ചിരിക്കയാണ്. ഇതിന് മുമ്പ് ഒമ്പത് തവണ ലോക്പാല്‍ ബില്‍ പാര്‍ലിമെന്റിന് മുന്നില്‍ വന്നതാണ്. ബില്‍ ഇതുവരെ പാസാവാത്തതില്‍ ബി.ജെ.പിയും കുറ്റക്കാരാണെന്നും സുഷമ പറഞ്ഞു.

ശൂന്യവേളയില്‍ രാഹുല്‍ ഗാന്ധിക്ക് പ്രസംഗിക്കാന്‍ അനുമതി നല്‍കിയതെന്തുകൊണ്ടാണെന്ന് സുഷമാസ്വരാജ് ചോദിച്ചു. പ്രതിപക്ഷം നല്‍കിയ നോട്ടീസ് അനുസരിച്ചല്ല, ഭരണപക്ഷത്തിന്റെ നോട്ടീസ് അനുസരിച്ചാണ് പ്രസംഗത്തിന് അനുമതി നല്‍കിയത്. ഇത്തരമൊരു ചര്‍ച്ചക്ക് സി.പി.ഐ.എമ്മും സി.പി.ഐയും തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.