ന്യൂദല്‍ഹി: രാജ്യത്ത് ഉദാരവല്‍കരണം വ്യാപിപ്പിക്കുമെന്ന് കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി. രാജ്യത്ത് നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ നിയന്ത്രണം ലഘൂകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വ്യവസായ പ്രമുഖരുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തികമേഖലയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പരിഷ്‌കരണത്തെക്കുറിച്ചാണ് കഴിഞ്ഞ ദിവസത്തെ യോഗം ചര്‍ച്ച ചെയ്തത്.

ഗവണ്‍മെന്റും വ്യവസായ മേഖലയും തമ്മില്‍ പരസ്പരധാരണയില്‍ പോവുകയാണ് വേണ്ടത്. ഇനിയും വ്യവസായികളുമായി കൂടിക്കാഴ്ച നടത്തേണ്ടതുണ്ടെന്നും അതിനുള്ള ഒരു തുടക്കംമാത്രമാണിതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി മിനിസ്റ്റര്‍ ആനന്ദ് ശര്‍മ്മ അറിയിച്ചു.

ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ, ഐ.ടി.സി ചെയര്‍മാന്‍ വൈ.സി ദേവേശ്വര്‍, ഭാരതി ഗ്രൂപ്പ് ചെയര്‍മാന്‍ സുനില്‍ മിത്തല്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര വൈസ് ചെയര്‍മാനും എം.ഡിയുമായ ആനന്ദ് മഹിന്ദ്ര, ഇന്‍ഫോസിസ് ചെയര്‍മാന്‍ എന്‍.ആര്‍ നാരായണമൂര്‍ത്തി, എ.ഡി.എ.ജി ചെയര്‍മാന്‍ അനില്‍ അംബാനി, ടി.വി.എസ് മോട്ടോര്‍ ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസംനടന്ന യോഗം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതാണെന്ന് ചര്‍ച്ചയ്ക്കുശേഷം വാര്‍ത്താസമ്മേളനത്തില്‍ അനില്‍ അംബാനി അറിയിച്ചു.

ഇരുമന്ത്രിമാരും വ്യവസായികളുമായി വളരെയധികം സഹകരണത്തോടെയാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ച വളരെയധികം സംതൃപ്തമായിരുന്നുവെന്ന് ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ വ്യവസായമേഖലയ്ക്ക ഗവണ്‍മെന്റിന്റെ മുഴുവന്‍ പിന്തുണയും ലഭിക്കുമെന്ന് തങ്ങള്‍ക്കുറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.