ന്യൂദല്‍ഹി: നടപ്പു സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യന്‍ സാമ്പത്തികരംഗം 8.75 ശതമാനത്തിനടുത്ത് വളര്‍ച്ചകൈവരിക്കുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പ്രതീക്ഷ പ്രകടിപ്പിച്ചു. സാമ്പത്തിക എഡിറ്റര്‍മാരുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകസാമ്പത്തിക പ്രതിസന്ധിയിലും മികച്ച വളര്‍ച്ചയാണ് ഇന്ത്യന്‍ സാമ്പത്തികരംഗം കൈവരിച്ചതെന്നും പ്രണബ് പറഞ്ഞു.

കുതിച്ചുകൊണ്ടിരിക്കുന്ന ധനക്കമ്മി മൊത്തആഭ്യന്തരഉല്‍പ്പാദനത്തിന്റെ 5.5 ശതമാനമായി കുറക്കുമെന്നും സ്‌പെക്ട്രം വില്‍പ്പനയും സാമ്പത്തിക നയങ്ങളും ഇതിന് സഹായിക്കും. രാജ്യത്തെ മൊത്തനികുതി വരുമാനം അഭൂതപൂര്‍വ്വമായാണ് കുതിക്കുന്നതെന്നും പ്രണബ് വ്യക്തമാക്കി.

രാജ്യത്തെ പണപ്പെരുപ്പത്തില്‍ ആശങ്ക പ്രകടിപ്പിച്ച ധനമന്ത്രി ഭക്ഷ്യവിലക്കയറ്റം പ്രധാന പ്രശ്‌നമാണെന്ന് സമ്മതിച്ചു. രൂപയുടെ വിനിമയമൂല്യം വര്‍ധിക്കുന്നത് കയറ്റുമതിയെ കാര്യമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.