കൊല്‍ക്കത്ത: ഭക്ഷ്യവിലപ്പെരുപ്പം രണ്ടക്കം കടന്നത് വലിയ ആശങ്കയ്ക്ക് വഴിവെക്കുന്നതാണെന്ന് കേന്ദ്രധനമന്ത്രി പ്രണാബ് മുഖര്‍ജി പറഞ്ഞു. ഭക്ഷ്യവിലപ്പെരുപ്പം കുറയ്ക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

‘ ഭക്ഷ്യപണപ്പെരുപ്പം 10.6%മായത് വലിയ ആശങ്കയുണ്ടാക്കുന്നത്’ റവന്യൂ ഉദ്യോഗസ്ഥന്‍മാരുടെ റിവ്യൂയോഗത്തിനുശേഷം പ്രണാബ് മുഖര്‍ജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

2010 ജനുവരി- ഫെബ്രുവരി മാസത്തില്‍ ഭക്ഷ്യവിലപ്പെരുപ്പം 20%ആയി ഉയര്‍ന്നിരുന്നു. കഴിഞ്ഞ ആറ് ഏഴ് മാസങ്ങള്‍കൊണ്ട് ഇത് 9%ആക്കി കുറയ്ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്്. ഇപ്പോള്‍ വീണ്ടും ഇത് ഉയര്‍ന്നിരിക്കുകയാണെന്നും മുമ്പ് ചെയ്തതുപോലെ പരിശ്രമിച്ചാല്‍ സര്‍ക്കാരിന് കുറയ്ക്കാന്‍ കഴിയുമെന്നും പ്രണാബ് മുഖര്‍ജി പറഞ്ഞു.

വിതരണ പരിധി ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഡിമാന്റുമായി ബന്ധപ്പെട്ട കാര്യത്തിലാണെങ്കില്‍ റിസര്‍വ്വ് ബാങ്ക് നിരക്കുകള്‍ അഡ്ജസ്റ്റ് ചെയ്തുകൊണ്ട് വേണ്ട നടപടികള്‍ സ്വീകരിക്കും. ഇതെല്ലാം ഭക്ഷ്യവിലപ്പെരുപ്പം കുറച്ചുകൊണ്ടുവരാന്‍ സഹായിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.