ന്യൂയോര്‍ക്ക്: 2ജി സ്‌പെക്ട്രം കേസില്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ കുറ്റപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ചെന്ന വാര്‍ത്തയോട് പ്രതികരിക്കാന്‍ കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി വിസമ്മതിച്ചു. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ പ്രതികരിക്കാനാകില്ലെന്നായിരുന്നു പ്രണബിന്റെ മറുപടി.

ന്യൂയോര്‍ക്കില്‍ ഇന്ത്യ-യു.എസ് നിക്ഷേപഫോറത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പ്രണാബ് മുഖര്‍ജി.

വിവരാവകാശ നിയമം വഴി ഒരാള്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് കത്ത് പുറത്തുവന്നത്. അഴിമതി ഇല്ലാതാക്കാനും ഭരണം സുതാര്യമാക്കാനും സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളിലൊന്നാണ് വിവരാവകാശ നിയമം. ഏതായാലും ഇപ്പോള്‍ സെന്‍സേഷണല്‍ വാര്‍ത്ത ഉണ്ടായതും ഈ നിയമം വഴി ആണെന്നതാണ് യാഥാര്‍ഥ്യം.

ഇങ്ങനെ ലഭിച്ച കത്തിന്റെ കോപ്പി ഒരു കേസില്‍ തെളിവായി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. കത്ത് തെളിവായി സ്വീകരിക്കുമോ ഇല്ലയോ എന്നതൊക്കെ വേറെ കാര്യമാണെന്നും യുഎസ്, ഇന്ത്യ വ്യവസായ പ്രമുഖരെ അഭിസംബോധന ചെയ്യവേ പ്രണബ് പറഞ്ഞു.