ന്യൂദല്‍ഹി: നിരാഹാരസമരത്തില്‍ നിന്ന് പിന്നോട്ട് പോകണമെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംങ്ങിന്റെ അഭ്യര്‍ത്ഥന യോഗ ഗുരു ബാബ രാംദേവ് നിരസിച്ചു. ജൂണ്‍ 4മുതല്‍ നടത്താനിരിക്കുന്ന മരണം വരെ നിരാഹാസമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

ഭരണംമെച്ചപ്പെടുത്താന്‍ രാംദേവ് മുന്നോട്ടുവച്ച നിര്‍ദേശങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി അദ്ദേഹത്തിന് കത്ത് അയച്ചിരുന്നു. അഴിമതി ഇല്ലാതാക്കാനായി പ്രായോഗികമായ ഒരു പരിഹാരം കണ്ടെത്താമെന്നും അദ്ദേഹം വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ അഴിമതി തടയാന്‍ ശക്തമായൊരു നിയമം എന്ന ആവശ്യത്തില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.

രാംദേവ് മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളിതൊക്കെയാണ്

1. വിദേശബാങ്കുകളിലുള്ള 400 ലക്ഷംകോടിയുടെ കള്ളപ്പണം കണ്ടെത്തുകയും അത് ദേശീയധനമായി പ്രഖ്യാപിക്കുകയും ചെയ്യുക.
2. അഴിമതിയ്‌ക്കെതിരായ യു.എന്‍ സമിതി പുനഃസ്ഥാപിക്കുക.
3. കള്ളപ്പണം കുറയ്ക്കാനായി കറന്‍സിയുടെ മൂല്യം കുറയ്ക്കുക
4. ശക്തമായ ലോക്പാല്‍ ബില്‍ നിര്‍മ്മിക്കുക.

വിദേശത്തുള്ള ഫണ്ടുകളെക്കുറിച്ചും, കള്ളപ്പണത്തെക്കുറിച്ചും വിശദീകരിക്കാനായി സര്‍ക്കാര്‍ മുന്‍നിര ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരെ രാംദേവിനടുത്തേക്ക് അയച്ചിരുന്നു. ഇതിനെ സര്‍ക്കാര്‍ ഗൗരവമായെടുക്കുന്നുണ്ടെന്നും അതിനാല്‍ നിരാഹാരം അവസാനിപ്പിക്കണമെന്നുമാവശ്യപ്പെടാന്‍ ധനമന്ത്രി പ്രണബ്മുഖര്‍ജി ഇന്ന് രാംദേവിനെ സന്ദര്‍ശിച്ചിരുന്നു.