ന്യൂദല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രണബ് മുഖര്‍ജി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ പതിനൊന്നിന് രാജ്യസഭാ സെക്രട്ടറി ജനറലിനു മുന്‍പാകെയാണ് പ്രണബ് പത്രിക സമര്‍പ്പിച്ചത്.

മുന്‍നിര നേതാക്കള്‍ക്കൊപ്പമാണ് പ്രണബ് പത്രിക സമര്‍പ്പിക്കാനെത്തിയത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി, പാര്‍ലമെന്ററികാര്യ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍,  സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്, ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്, ഡി.എം.കെ നേതാവ് ടി.ആര്‍ ബാലു തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

എന്‍.ഡി.എ സഖ്യകക്ഷികളായ ജനതാദള്‍ (യുണൈറ്റഡ്), ശിവസേന എന്നിവരും സി.പി.എം ഉള്‍പ്പെടെയുള്ള ഇടത് കക്ഷികളും മുഖര്‍ജിയെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ മമത ബാനര്‍ജി പ്രണബിനെ പിന്തുണയ്ക്കാന്‍ ഉണ്ടായിരുന്നില്ല.

കേരളത്തില്‍ നിന്ന് എ.കെ.ആന്റണി, വയലാര്‍ രവി, എം.ഐ.ഷാനവാസ് തുടങ്ങിയവര്‍ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പിട്ടു. ഒരുസെറ്റ് പത്രികയില്‍ 50 പേര്‍വീതം സ്ഥാനാര്‍ഥിയുടെ പേര് നിര്‍ദേശിക്കുകയും 50 പേര്‍ പിന്തുണയ്ക്കുകയും വേണം.

അതേസമയം രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പി.എ.സാംഗ്മയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ ബി.ജെ.പി നേതാക്കളായ എല്‍.കെ.അഡ്വാനി, സുഷമാ സ്വരാജ്, മുരളീ മനോഹര്‍ ജോഷി, നിഥിന്‍ ഗഡ്കരി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് എന്നിവര്‍ക്കൊപ്പമെത്തിയാണ് സാംഗ്മ രാജ്യസഭാ സെക്രട്ടറി ജനറലിനു മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.