ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തടസപ്പെടാതിരിക്കാന്‍ സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. രണ്ടാംതലമുറ സ്‌പെക്ട്രം വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ശീതകാലസമ്മേളനം ഏതാണ്ട് പൂര്‍ണമായും തടസപ്പെട്ടിരുന്നു.

ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ ഇന്നാണ് ചര്‍ച്ച. സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് എ.രാജയെ അറസ്റ്റ് ചെയ്തതോടെ യു.പി.എയ്ക്കുമേല്‍ സമ്മര്‍ദ്ദം ഏറിയിട്ടുണ്ട്. നിലവിലെ സ്ഥിതിയില്‍ സംയുക്ത പാര്‍ലമെന്ററി അന്വേഷണമെന്ന പ്രതിപക്ഷ ആവശ്യത്തിന് കേന്ദ്രം വഴങ്ങിയേക്കുമെന്നാണ് സൂചന.

പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിനായി എല്ലാ വിഷയങ്ങളും തുറന്ന മനസോടെ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ പ്രതിപക്ഷകക്ഷികളുമായി സ്പീക്കര്‍ മീരാകുമാറും ചര്‍ച്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്.

ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സംയുക്ത പാര്‍ലമെന്ററി സമിതിയെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. രാജയുടെ അറസ്റ്റ് തങ്ങളുടെ ആവശ്യം നടപ്പാകുന്നതിനുള്ള സൂചനയായാണ് അവര്‍ കാണുന്നത്. എന്നാല്‍ പാര്‍ലമെന്ററി സമിതിയില്‍ നിന്നും പിന്നോട്ടില്ലെങ്കിലും പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തില്ലെന്നാണ് ഇടതുപക്ഷം വ്യക്തമാക്കിയിരിക്കുന്നത്.