ന്യൂ ദല്‍ഹി: യു.പി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി കേന്ദ്ര ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജിയെ പ്രഖ്യാപിച്ചു. യു.പി.എ ഘടകകക്ഷികളുടെ വൈകുന്നേരത്തെ യോഗത്തിലാണ് പ്രണബിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് പ്രണാബിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ നേരത്തെ ധാരണയിലെത്തിയെങ്കിലും ഘടക കക്ഷികളുമായി യോജിച്ച തീരുമാനത്തിലെത്താന്‍ സാധിക്കാത്തതിനാലാണ് പ്രഖ്യാപനം വൈകിയത്.

Subscribe Us:

പ്രണബിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചെങ്കിലും മമത ബാനര്‍ജി ഇപ്പോഴും ഇടഞ്ഞു തന്നെയാണിരിക്കുന്നത്. മമതയോടെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ച മുലായം സിംഗ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി യു.പി.എക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ച് രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രണബിനെ പിന്തുണയ്ക്കില്ലെന്ന് മമത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതിയെ തീരുമാനിക്കാന്‍ ഇന്ന് നടന്ന യു.പി.എ യോഗത്തില്‍ മമത ബാനര്‍ജി പങ്കെടുത്തുമില്ല.  മുന്‍ രാഷ്ട്രപതി കൂടിയായ കലാമിനെയാണ് മമത സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയത്.

കോണ്‍ഗ്രസിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കില്ലെന്ന് ഇടതുപക്ഷം പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ കേന്ദ്രകമ്മിറ്റി യോഗത്തില്‍ കോണ്‍ഗ്രസേതര കക്ഷികളെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കായാല്‍ പിന്തുണക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍  സി.പി.ഐ.എമ്മിന്റെ ബംഗാള്‍ ഘടകം പ്രണാബിനെ പിന്തുണയ്ക്കണം എന്ന നിലപാടിലാണ്.

പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഇടതുപക്ഷത്തിന്റെ നിലപാട് നിര്‍ണ്ണായകമായിരിക്കും. പ്രണബിന്റെ സ്ഥാനാര്‍ഥിത്വത്തോട് ഇടതുകക്ഷികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുകക്ഷികളുടെ നിലപാടും നിര്‍ണായകമായിരിക്കുകയാണ്. പ്രണബിനെയും ഉപരാഷ്ട്രപതി ഹമിദ് അന്‍സാരിയെയും പിന്തുണയ്ക്കില്ലെന്ന് സി.പി.ഐയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച പ്രണബിന് സി.പി.ഐ.എം ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. മമതയോടൊപ്പം നിലയുറപ്പിച്ച മുലായവും മറുകണ്ടം ചാടിയപ്പോള്‍ മായാവതിയുടെ ബി.എസ്.പിയും പ്രണബിനെ പിന്തുക്കുമെന്ന് പ്രഖ്യാപിച്ചു. മമതയില്ലെങ്കിലും 38 ശതമാനം വോട്ടുകള്‍ യു.പി.എ നേരത്തെ ഉറപ്പിച്ചുകഴിഞ്ഞിരുന്നു. മുലായത്തിന്റെ എസ്.പിയും മായാവതിയുടെ ബി.എസ്.പിയും പിന്തുണയ്ക്കുമ്പോള്‍ വോട്ട് 47 ശതമാനത്തിലധികം ലഭിക്കും.ഇന്നത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് രണ്ടു കക്ഷികളുടേയും പിന്തുണ കോണ്‍ഗ്രസ് ഉറപ്പാക്കിയത്.