എഡിറ്റര്‍
എഡിറ്റര്‍
കാശ്മീരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നു: പ്രണബ് മുഖര്‍ജി
എഡിറ്റര്‍
Friday 28th September 2012 3:32pm

ന്യൂദല്‍ഹി: കാശ്മീരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. കാശ്മീര്‍ സന്ദര്‍ശനത്തിന് ശേഷം മടക്കയാത്രയ്‌ക്കൊരുങ്ങവേ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാശ്മീരിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതായ അഭിപ്രായങ്ങളാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ഗവര്‍ണര്‍ എന്‍.എന്‍.വോറയുമായും മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുമായും കൂടിക്കാഴ്ച നടത്തി.

Ads By Google

വിവിധ വിഷയങ്ങളെക്കുറിച്ച് വിവിധ നേതാക്കളുമായും ജനങ്ങളുമായും സംസാരിച്ചു. ഫ്രൂട്ട് ഗ്രോവേര്‍സ് അസോസിയേഷന്‍, ജമ്മു കശ്മീര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സൈഫുദ്ദീന്‍ സോസ് നേതൃത്വം നല്‍കുന്ന ആര്‍ട്ടിസാന്‍ അസോസിയേഷന്‍, സാഫ്രണ്‍ ഗ്രോവേര്‍സ് അസോസിയേഷന്‍, അഖില്‍ ഭാരതീയ ഗുജ്ജാര്‍ മഹാസഭ, ഓള്‍ പാര്‍ട്ടി സിഖ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി തുടങ്ങിയ സംഘടനകളുമായും കൂടിക്കാഴ്ച നടത്തിയതായി രാഷ്ട്രപതി അറിയിച്ചു.

കാശ്മീരിലെ ജനങ്ങള്‍ക്കെല്ലാവര്‍ക്കും തങ്ങളുടെ അവകാശങ്ങളും അവസരങ്ങളും തുല്യതയോടെ ലഭ്യമാക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതി പറഞ്ഞു.

കാശ്മീര്‍ യൂണിവേഴ്‌സിറ്റിയുടെ ബിരുദദാനത്തില്‍ മെറിറ്റ് അവാര്‍ഡ് നേടിയവരില്‍ പെണ്‍കുട്ടികളാണ് 85 ശതമാനത്തോളമെന്നത് തന്നില്‍ മതിപ്പുളവാക്കുന്നതായി രാഷ്ട്രപതി വ്യക്തമാക്കി.

Advertisement