പൂണെ: മംഗലാപുരം പബ്ബ് ആക്രമണം നടത്തിയ സംഭവത്തില്‍ ശ്രീരാം സേനാ നേതാവ് പ്രമോദ് മുത്തലിക്ക് ഖേദം പ്രകടിപ്പിച്ചു. പബ്ബില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ നടത്തിയ ആക്രമണം തെറ്റായി പോയെന്നും അതില്‍ അതിയായി ദുഖമുണ്ടെന്നും മുത്തലിക്ക് പറഞ്ഞു. സംഭവം നടന്ന് രണ്ട് വര്‍ഷം കഴിയുമ്പോഴാണ് മുത്തലിക്ക് ഖേദപ്രകടനവുമായി രംഗത്തെത്തിയത്.

മംഗലാപുരത്തെ പബ്ബില്‍ പെണ്‍കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്കുനേരെ ആക്രമണം നടക്കുമ്പോള്‍ തന്റെ മൈബല്‍ പ്രവര്‍ത്തിക്കുന്നില്ലായിരുന്നെന്നും താന്‍ ആ സമയത്ത് പൂണയില്‍ ആയിരുന്നെന്നും മുത്തലിക്ക് പറഞ്ഞു. ആക്രമണത്തെക്കുറിച്ച് അറിയുന്നത് ബല്‍ഗാമിലെത്തിയതിന്‌ശേഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിന് ശേഷം ശ്രീരാം സേനയെ പലരും സംശയത്തോടെയാണ് നോക്കികാണുന്നത്. സംഘടനയ്ക്ക് വാടകയ്ക്ക് ഒരു മുറി ലഭിക്കുന്നതിന് പോലും ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്. മംഗലാപുരം പബ്ബ് ആക്രമണം സംഘടനയുടെ പ്രതിഛായയെ തകര്‍ത്തു. എന്തുകാരണത്തിന്റെ പേരിലായാലും പെണ്‍്കുട്ടികളെ ആക്രമിക്കാന്‍ പാടില്ലായിരുന്നു.

ഒരു വാര്‍ത്താ ചാനല്‍ നടത്തിയ ഒളിക്യാമറ റിപ്പോര്‍ട്ടിംഗും സംഘടനയ്ക്ക് പ്രതികൂലമായി. പെണ്‍കുട്ടികള്‍ പബ്ബില്‍ പോകുവന്നത് ഭാരതീയ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് പറഞ്ഞ് 2009 ല്‍ മംഗലാപുരത്തെ അംന്യേഷ്യ ദ ലോഞ്ച് എന്ന പബ്ബിലായിരുന്നു ശ്രീരാം സേനാ ആക്രമണം നടത്തിയത്. പബ്ബിലേക്ക് തള്ളിക്കയറിയ നാല്‍പ്പതോളം ശ്രീരാം സേനാ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്.