മലയാളത്തിലെ മികച്ച നടന്‍മാര്‍ക്കൊപ്പവും അണിയറപ്രവര്‍ത്തകര്‍ക്കൊപ്പവം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ പ്രകാശ് രാജിന് ചലച്ചിത്രമേളയിലെത്തിയപ്പോള്‍ സ്വന്തം വീട്ടിലെത്തിയ അനുഭവമായിരുന്നു.  കാഞ്ചീവരത്തിലൂടെ പ്രകാശ് രാജിലെ നടനെ പുറത്തുകൊണ്ടുവന്ന സുഹൃത്തായ പ്രിയദര്‍ശനാണ് പ്രകാശ് രാജിനെ മേളയ്ക്ക് ക്ഷണിച്ചത്. ‘പ്രിയന്‍ പറഞ്ഞാല്‍ പിന്നെ മറ്റൊന്നും ആലോചിക്കാനില്ല’ പ്രകാശ് രാജ് പറഞ്ഞു.

ഏഴ് ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിനോട് പ്രത്യേക ഇഷ്ടമാണ് തനിക്കെന്ന് പ്രകാശ് രാജ് എപ്പോഴും പറയാറുണ്ട്. കേരളക്കരയുടെ ഭക്ഷണവും, വൃത്തിയുമെല്ലാം തന്നെ ആകര്‍ഷിച്ചെന്ന് നടന്‍ തുറന്നുപറയുന്നു.  ‘ ഇരുവര്‍’ മുതല്‍ ‘ അന്‍വര്‍’  വരെയുള്ള മലയാളത്തിലൂടെയുള്ള യാത്രകളില്‍ മോഹന്‍ലാല്‍, സന്തോഷ് ശിവന്‍, പ്രിയദര്‍ശന്‍ തുടങ്ങിയ മികച്ച വ്യക്തിത്വങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് പ്രകാശ് രാജ് ഓര്‍മ്മിക്കുന്നു.

Subscribe Us:

മലയാളത്തോടുള്ള പ്രണയം അഭിനയത്തില്‍മാത്രം ഒതുക്കാന്‍ നടന്‍ ഇഷ്ടപ്പെടുന്നില്ല. അടുത്തിടെ മലയാളികള്‍ ഏറെ ആസ്വദിച്ച സോള്‍ട്ട് ആന്റ് പെപ്പര്‍ മൂന്ന് തെന്നിന്ത്യന്‍ ഭാഷകളില്‍ റീമേക്ക് ചെയ്യാന്‍ പ്രകാശ് രാജ് തീരുമാനിച്ചിരിക്കുകയാണ്. ആഷിക് അബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്റ് പെപ്പര്‍ മലയാളത്തില്‍ സൂപ്പര്‍ഹിറ്റായിരുന്നു. കുട്ടികളുടെ ചിത്രമായ ധോണി പൂര്‍ത്തിയാക്കിയതിന് ശേഷം പ്രകാശ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായിരിക്കുമിത്.

ട്രാഫിക്കിന്റെ ബോളിവുഡ് റീമേക്കിലും പ്രകാശ് രാജ് അഭിനയിക്കുന്നുണ്ട്. ശ്രീനിവാസന്‍ ചെയ്ത ട്രാഫിക് പോലീസിന്റെ വേഷത്തിലാണ് പ്രകാശ് രാജ്.

നേരത്തെ ‘നാനു നന്ന കനസു’എന്ന കന്നഡ ചിത്രവും തമിഴില്‍ അദ്ദേഹം അഭിനയിച്ച ‘അഭിയും ഞാനും’ എന്ന സിനിമയുടെ റീമേക്കും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

Malayalam news

Kerala news in English