തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ മൗനം വെടിയണമെന്ന് ദേശീയ അവാര്‍ഡ് ജേതാവ് പ്രകാശ് രാജ്. പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് ഐ.എഫ്.എഫ്.കെയ്‌ക്കെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷിതത്വം പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിദഗ്ധരെ ചുമതലപ്പെടുത്തണം. ഡാമിന് സുരക്ഷാഭീഷണിയുണ്ടെങ്കില്‍ ഈ പ്രശ്‌നം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പരിഹരിക്കണം. രാജ്യത്തെ ഒരു പൗരനെന്ന നിലയില്‍ ഈ പ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടാന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Subscribe Us:

ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാഷ്ട്രത്തില്‍ പുതിയ ഡാം വേണമെന്ന ആവശ്യത്തില്‍ ജനങ്ങള്‍ ഒത്തുചേര്‍ന്ന് സമരം ചെയ്യുന്നതില്‍ യാതൊരു അത്ഭുതവും തോന്നേണ്ടതില്ല. രാഷ്ട്രീയക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടുന്നത് വിവേകമില്ലാത്തവരെപ്പോലെയാണ്. രാഷ്ട്രീയക്കാര്‍ ആദ്യം ഈ പ്രശ്‌നത്തെ ഗൗരവമായി പഠിക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു.

ചെറിയ ബജറ്റില്‍ ഒരുക്കുന്ന നല്ല മലയാള സിനിമകളെ ജനങ്ങള്‍ നെഞ്ചിലേറ്റിയാല്‍ മലയാളസിനിമയ്ക്ക് അന്യഭാഷാ ചിത്രങ്ങളുമായി മത്സരിക്കേണ്ടിവരില്ല. നല്ല ചിത്രങ്ങളെ മലയാളികള്‍ പ്രോത്സാഹിപ്പിച്ചാല്‍ മലയാള സിനിമാ വ്യവസായം വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചെറിയ ബജറ്റിലൊരുങ്ങുന്ന അര്‍ത്ഥവത്തായ സിനിമകളാണ് മലയാള സിനിമാ വ്യവസായത്തിന്റെ ശക്തി. ‘ മലയാളികള്‍ അഹങ്കാരികളാണെന്ന് ആളുകള്‍ പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ എനിക്ക് തോന്നുന്നത് സ്വന്തം സാംസ്‌കാരിക മൂല്യങ്ങളെ നിലനിര്‍ത്താന്‍ സദാ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് മലയാളികളെന്നാണ്. പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇവര്‍ തയ്യാറാവുകയും ചെയ്യുന്നുണ്ട്. ഇത് മലയാളം സിനിമ വ്യവസായത്തിലും പ്രാബല്യത്തില്‍ വരുത്തേണ്ടതുണ്ട്. ഇത്തരം സിനിമകളെ പിന്തുണക്കാന്‍ മലയാളികള്‍ തയ്യാറായാല്‍ മലയാള സിനിമയെ സംരക്ഷിക്കാനാവും.’ മലയാള സിനിമകളെ പിന്തള്ളിക്കൊണ്ട് തമിഴ്ചിത്രങ്ങള്‍ കേരളത്തില്‍ പണംവാരുന്നത് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

താനൊരിക്കലും മലയാള സിനിമയ്ക്കു പുറത്തുള്ളയാളല്ലെന്നും മലയാള സിനിമയിലെ നല്ല സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച് മലയാളവുമായി സദാ ബന്ധപ്പെട്ട് കിടക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് സിനിമാ സംസ്‌കാരം കാണിച്ചുകൊടുക്കാന്‍ ചലച്ചിത്രമേളകള്‍ ഏറെ സഹായകരമാണ്. കഴിഞ്ഞ 15 വര്‍ഷമായി നടക്കുന്ന മേളയില്‍ ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്ന ജനസാന്നിധ്യം ഐ.എഫ്.എഫ്.കെയുടെ വിജയത്തെയാണ് സൂചിപ്പിക്കുന്നതെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

Malayalam News