മുംബൈ: ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് എം. ഡി തഖിയുദ്ധീന്‍ വാഹിദ് ഉള്‍പ്പെടെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. അധോലോക നേതാവ് ഭണ്ഡി പാണ്ഡെയാണ് വിയറ്റ്‌നാമില്‍ പിടിയിലായത്. പത്തിലേറെ കൊലക്കേസുകളില്‍ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ ഭണ്ഡി പാണ്ഡെക്കെതിരെ ഇന്ത്യ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതെ തുടര്‍ന്ന് വിയറ്റ്‌നാമിലെ ഹനോയില്‍ ബുധനാഴ്ചയാണ് ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തത്. ഇയാളെ ഉടന്‍ ഇന്ത്യക്ക് കൈമാറും.

തഖിയുദ്ധീന്‍ വാഹിദ്, കസ്റ്റംസ് ക്ലിയറിങ് ഏജന്റ് രാജു പിള്ള, കോര്‍പറേറ്റര്‍ ദേവീദാസ് ചൗഗുളെ എന്നിവരെ കൊലപെടുത്തിയ കേസിലെ മുഖ്യ പ്രതിയാണ് മുമ്പ് ഛോട്ടാ രാജന്‍ സംഘത്തിലെ പ്രധാനിയായിരുന്ന ഭണ്ഡി പാണ്ഡെ. ബോളീവുഡ്, വ്യവസായ മേഖലയിലെ പേടിസ്വപ്‌നമായിരുന്ന ഇയാള്‍ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതില്‍ മിടുക്കനായിരുന്നു. 2000 ല്‍ രാജനുമായി പിരിഞ്ഞ പാണ്ഡെ സ്വന്തമായി ഗ്രൂപ്പുണ്ടാക്കി തായ്‌ലന്റ് അടക്കമുള്ള രാജ്യങ്ങളില്‍ കഴിയുകയായിരുന്നു.

1995ലാണ് ഇന്ത്യയിലെ ആദ്യ സ്വകാര്യ എയര്‍ലൈന്‍സ് കമ്പനിയുടെ എം.ഡിയായ തഖിയുദ്ധീനെ ഇയാള്‍ കൊലപ്പെടുത്തിയത്. ഛോട്ടാരാജന്റെ നിര്‍ദേശപ്രകാരമായിരുന്നു കൊലപാതകം. ബാന്ദ്രയിലെ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് ഓഫീസില്‍ നിന്ന് കാറില്‍ വീട്ടിലേക്ക് മടങ്ങവെ വഴിയില്‍വെച്ച് ആറംഗ സംഘം വെടിവെച്ച് കൊല്ലുകയായിരുന്നു.

ഉത്തര്‍ഖണ്ഡിലെ ഹല്‍ദ്വാനി സ്വദേശിയാണ് ഭണ്ഡി പാണ്ഡെ എന്ന പ്രകാശ് നാരായണ്‍ പാണ്ഡെ. മുംബൈ പോലീസിന് പുറമെ യു പിയിലെ പ്രത്യേക ദൗത്യ സേനയും തേടുന്ന പിടികിട്ടാപ്പുള്ളിയാണ് ഇയാള്‍.