തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആത്യന്തിക ലക്ഷ്യമായി കമ്മ്യൂണിസ്റ്റുകാര്‍ക്ക് കരുതാനാവില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഒരു ചാനല്‍ അഭിമുഖത്തിലാണ് കാരാട്ട് ഇക്കാര്യം വ്യക്തമാക്കിയത്.

വി.എസ് അച്യുതാനന്ദനെ സ്ഥാനാര്‍ത്ഥിയാക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ആശയക്കുഴപ്പം ഉണ്ടായിട്ടില്ല. അക്കാര്യത്തില്‍ തീരുമാനമെടുത്തത് പാര്‍ട്ടിയുടെ സംസ്ഥാന ഘടകമാണ്. സി.പി.ഐ.എം എക്കാലത്തും ന്യൂനപക്ഷങ്ങള്‍ക്കൊപ്പമാണ്. ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങളും സാമ്യൂഹ്യസാഹചര്യങ്ങളുമായി ഒത്തുപോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയില്‍പെട്ട ചിലര്‍ ഇടതുചേരിവിട്ട് പോകുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ബംഗാളിലും കേരളത്തിലും സി.പി.ഐ.എം അധികാരം നിലനിര്‍ത്തും. രണ്ട് രൂപയ്ക്ക് അരി നല്‍കുന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമല്ല. പാവങ്ങള്‍ക്ക് അരി നല്‍കുന്നത് എങ്ങനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം ചോദിച്ചു.

പാര്‍ട്ടി നേതാക്കള്‍ക്കെതിരെയുള്ള അഴിമതിയാരോപങ്ങള്‍ക്കെതിരെ അന്വേഷണം നേരിടാന്‍ തയ്യാറാണ്. വി.എസിന്റെ മകനെതിരെയുള്ള ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.