എഡിറ്റര്‍
എഡിറ്റര്‍
പാര്‍ട്ടി വിട്ടവരെ തിരിച്ചുകൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ല: പ്രകാശ് കാരാട്ട്
എഡിറ്റര്‍
Saturday 19th January 2013 4:32pm

ന്യൂദല്‍ഹി: സി.പി.ഐ.എം വിട്ട് പുറത്ത് പോയവരെ തിരിച്ചുകൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

പാര്‍ട്ടി വിട്ടവരെ തിരിച്ചുകൊണ്ടുവരാനുള്ള ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ല. പാര്‍ട്ടിയില്‍ അത്തരമൊരു അഭിപ്രായം ഇതുവരെ ഉടലെടുത്തിട്ടില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സെക്രട്ടറിമാര്‍ക്കെതിരെയുള്ള നടപടി അടുത്ത കേന്ദ്രകമ്മറ്റിയില്‍ ഉന്നയിക്കുമെന്നും കാരാട്ട് പറഞ്ഞു.

ഇന്ന് ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഇതിനെതിരെ ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി രാജ്യവ്യാപക പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് സി.പി.ഐ.എമ്മിന്റെ തീരുമാനം.

റെയില്‍വേ യാത്രാ നിരക്ക് വര്‍ധിപ്പിച്ചതും ഡീസല്‍ വില നിയന്ത്രണം എടുത്തുകളഞ്ഞതും പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണ് സബ്‌സിഡികള്‍ പോലും വെട്ടിക്കുറയ്ക്കുന്ന സര്‍ക്കാര്‍ നാണമില്ലാതെ കോര്‍പ്പറേറ്റുകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുകയാണ്.

ഇതിന്റെ ഭാഗമായി ഫെബ്രുവരി 25 മുതല്‍ രാജ്യത്തെ നാലിടങ്ങളില്‍ നിന്നായി നാല് ജാഥകള്‍ ദല്‍ഹിയിലേക്ക് തിരിക്കും.

ഭക്ഷ്യസുരക്ഷ, വിലക്കയറ്റം, തൊഴില്‍, വിദ്യാഭ്യാസവും ആരോഗ്യവും, അഴിമതി എന്നീ വിഷയങ്ങളാണ് ജാഥയില്‍ ഉയര്‍ത്തിക്കാണിക്കുക.

കന്യാകുമാരിയില്‍ നിന്ന് തുടങ്ങുന്ന ജാഥ നയിക്കുക എസ്. രാമചന്ദ്രന്‍പിള്ളയാണ്. മാര്‍ച്ച് 19 ന് ഇത് ദല്‍ഹിയല്‍ സമാപിക്കും.

Advertisement